ബ്രസീലിയ: ബ്രസീലിലെ തലസ്ഥാനമായ ബ്രസീലിയയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി.
ഭീകരതയ്ക്കെതിരെ ഇന്ത്യയും ബ്രസീലും ഒരേ നിലപാട് സ്വീകരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ പൂജ്യം സഹിഷ്ണുതയും പൂജ്യം ഇരട്ടത്താപ്പും എന്ന നിലപാടാണ് ഇരു രാജ്യങ്ങളും പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവന പുറത്തിറങ്ങി. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും ബ്രസീലും സമാനമായ സമീപനം കൈക്കൊള്ളുന്നു.
ഭീകരതയെയും അതിനെ പിന്തുണയ്ക്കുന്നവരെയും ശക്തമായി എതിര്‍ക്കുന്നുവെന്നും ഇരട്ടത്താപ്പിന് ഇവിടെ സ്ഥാനമില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തെ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് അപലപിച്ചു.
പ്രതിരോധ മേഖലയില്‍ ഇന്ത്യയും ബ്രസീലും തമ്മിലുള്ള സഹകരണം വര്‍ദ്ധിച്ചുവരികയാണ്. കൃത്രിമ ബുദ്ധിയും സൂപ്പര്‍ കമ്പ്യൂട്ടറുകളും ഉള്‍പ്പെടെ വിവിധ സാങ്കേതിക മേഖലകളില്‍ പരസ്പര സഹായം ശക്തമാക്കുന്നു.
തീവ്രവാദം മാത്രമല്ല, കൃഷി, ഭക്ഷ്യസുരക്ഷ, ഊര്‍ജ്ജ പരിവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനം, എണ്ണ, വാതകം, ബയോ എനര്‍ജി, വൈദ്യശാസ്ത്രം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി.
8 ദിവസത്തിനുള്ളില്‍ 5 രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി, ഇന്ന് നമീബിയയില്‍ എത്തും. അവിടെ അദ്ദേഹം നമീബിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും.