/sathyam/media/media_files/2024/11/26/YnAha6gKi8Q4iuUfbEOZ.jpg)
കെയ്റോ: പുരാതന ഈജിപ്റ്റില്‍ തയാറാക്കിയിരുന്ന ലഹരി പാനീയത്തിന്റെ നിഗൂഢതകള്‍ ചുരുളഴിയുന്നു. 2000 വര്‍ഷം പഴക്കമുള്ള പാത്രത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് യുഎസ് ഗവേഷകര്‍ ഇക്കാര്യം തെളിയിച്ചത്.
മനുഷ്യരക്തവും മുലപ്പാലും ലഹരിപദാര്‍ഥങ്ങളും പ്രത്യേക അനുപാതത്തില്‍ യോജിപ്പിച്ചാണ് ഈ പാനീയം തയാറാക്കിയിരുന്നത് എന്നാണ് കണ്ടെത്തല്‍. സൗത്ത് ഫ്ലോറിഡ സര്‍വകലാശാലയിലെ പ്രഫസറായ ഡേവിഡ് തനാസിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്.
1984ല്‍ തംപ ആര്‍ട്ട് മ്യൂസിയത്തിന് ലഭിച്ച ഈജിപ്റ്റില്‍ നിന്നുള്ള ബെസ് മഗ്ഗ് ആണ് ഗവേഷകസംഘം പഠനവിധേയമാക്കിയത്. പുരാതന ഈജിപ്റ്റില്‍ ആരാധിച്ചിരുന്ന ദേവനാണ് ബെസ്. കുടുംബം, മാതാക്കള്‍, കുട്ടികള്‍, ശിശു ജനനം എന്നിവയുടെ സംരക്ഷക ദൈവമായാണ് ബെസിനെ ആരാധിച്ചിരുന്നത്. ബെസിന്‍റെ മുഖത്തോടുകൂടിയുള്ള പാത്രങ്ങളാണ് ബെസ് മഗ്ഗുകള്‍. ബെസ് മഗ്ഗുകള്‍ എന്തിന് വേണ്ടിയാണ് പ്രത്യേകമായി നിര്‍മിച്ചത് എന്ന കാര്യം പുരാവസ്തു ഗവേഷകരുടെ ഏറെക്കാലമായുള്ള സംശയമായിരുന്നു.
തംപ മ്യൂസിയത്തിലെ ബെസ് മഗ്ഗിന്‍റെ അകവശത്തുനിന്ന് ഒരുഭാഗം ഇളക്കിയെടുത്ത് രാസപരിശോധനക്കും ഡി.എന്‍.എ പരിശോധനക്കും വിധേയമാക്കുകയാണ് ഇവര്‍ ചെയ്തത്. അത്യാധുനിക പ്രോട്ടിയോമിക്സ്, മെറ്റബോളോമിക്സ്, ജനറ്റിക്സ് ടെക്നിക്കുകള്‍, സിന്‍ക്രോട്രോണ്‍ റേഡിയേഷന്‍ അടിസ്ഥാനമാക്കിയുള്ള ഫോറിയര്‍ ട്രാന്‍സ്ഫോംഡ് ഇന്‍ഫ്രാറെഡ് മൈക്രോസ്പെക്ട്രോസ്കോപ്പി എന്നിവയും പഠനത്തിനായി ഉപയോഗിച്ചു. പാത്രത്തിലടങ്ങിയ ജൈവ അവശിഷ്ടങ്ങളുടെ സ്വഭാവം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
പരിശോധനയില്‍ വിവിധ പദാര്‍ഥങ്ങളുടെ സാന്നിധ്യമാണ് പാത്രത്തിനുള്ളില്‍ കണ്ടെത്തിയത്. ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്ന നിരവധി ചെടികളുടെ സാന്നിധ്യം പരിശോധനയില്‍ തിരിച്ചറിഞ്ഞു. പുളിപ്പിച്ച പഴച്ചാറുകള്‍, തേന്‍ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. മനുഷ്യരക്തം, മുലപ്പാല്‍, മൂക്കില്‍നിന്നുള്ള സ്രവം എന്നിവയും പാനീയത്തില്‍ കലര്‍ത്തിയിരുന്നതായി കണ്ടെത്തി.
ചില പ്രത്യേകതരം ആചാരങ്ങളുടെ ഭാഗമായാണ് ഈ ലഹരിപാനീയം ഉപയോഗിച്ചിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. മതപരമായ ആചാരത്തിന്‍റെ ഭാഗമായി വിശുദ്ധസ്ഥലങ്ങളില്‍ ഒരുമിച്ചിരുന്ന് ഇത് കുടിക്കും. ഇവിടെ ഉറങ്ങുകയും ചെയ്യും. ഉറക്കത്തില്‍ സ്വപ്നം കാണുകയോ അല്ലെങ്കില്‍ അതുപോലെയുള്ള മിഥ്യാ അനുഭവങ്ങളുണ്ടാവുകയോ ചെയ്യുകയും അത് ദൈവത്തിന്‍റെ പ്രവൃത്തിയായി വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു.