റഷ്യ: കാലിഫോര്‍ണിയക്കാര്‍ക്ക് തങ്ങള്‍ അഭയം നല്‍കാമെന്ന് അമേരിക്കയോട് റഷ്യ. റഷ്യയിലെ കെര്‍സണ്‍ റീജിയണിന്റെ ഗവര്‍ണര്‍ വ്‌ളാഡിമിര്‍ സാല്‍ഡോയാണ് ഇക്കാര്യം പറഞ്ഞത്.
യുക്രെയ്ന്‍ സൈന്യത്തെയോ സര്‍ക്കാരിനെയോ പിന്തുണച്ചില്ലെങ്കില്‍, തുടര്‍ച്ചയായ കാട്ടുതീയില്‍ കുടിയൊഴിപ്പിക്കപ്പെട്ട കാലിഫോര്‍ണിയക്കാര്‍ക്ക് തങ്ങള്‍ അഭയം നല്‍കാമെന്നാണ് റഷ്യ പറഞ്ഞത്.
അമേരിക്ക റഷ്യന്‍ വിരുദ്ധ നയം തുടരുന്നുണ്ടെങ്കിലും, പ്രകൃതി ദുരന്തങ്ങളെ കുറിച്ചോ, അവര്‍ എന്താണ് ചെയ്യുന്നതെന്നതിനെ കുറിച്ചോ അമേരിക്കയ്ക്ക് വ്യക്തതയില്ലെന്ന് കെര്‍സണ്‍ ഗവര്‍ണര്‍ വ്‌ളാഡിമിര്‍ സാല്‍ഡോ ടാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കാലിഫോര്‍ണിയയിലെ തീപിടുത്തം നിരവധി സാധാരണക്കാരെ ഭവനരഹിതരാക്കി. അതിനാല്‍, വീടും ഉപജീവനവും നഷ്ടപ്പെട്ട ഏതൊരു അമേരിക്കന്‍ പൗരനെയും സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
കെര്‍സണ്‍ മേഖലയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് താല്‍ക്കാലിക താമസസൗകര്യം നല്‍കാനും റഷ്യന്‍ പൗരത്വം നേടുന്നതിന് അവരെ സഹായിക്കാനും പ്രാദേശിക അധികാരികള്‍ തയ്യാറാണെന്ന് പ്രസ്താവിച്ചു.