വാഷിംഗ്ടൺ ഡിസി: കാനഡയുമായി അമേരിക്ക നടത്തുന്ന വ്യാപാരചർച്ചകൾ നിർത്തിയെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. അമേരിക്കൻ ടെക് കമ്പനികൾക്കുമേൽ കാനഡ നികുതി ചുമത്തിയതിന്റെ പേരിലാണിത്.
കാനഡയുടെ നടപടി നേരിട്ടുള്ള ആക്രമണമാണെന്ന് ട്രംപ് ആരോപിച്ചു. കാനഡയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് പുതിയ ചുങ്കം ചുമത്തുന്നതു സംബന്ധിച്ച തീരുമാനം ഒരാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്നും ട്രംപ് ഭീഷണി മുഴക്കി.
വാണിജ്യവിഷയത്തിൽ കാനഡയും അമേരിക്കയും തമ്മിലുണ്ടായ ഭിന്നതകൾ പരിഹരിച്ചുവരുന്നതിനിടെയാണ് ട്രംപിന്റെ പൊടുന്നനെയുള്ള തീരുമാനം.
ആമസോൺ അടക്കമുള്ള അമേരിക്കൻ ടെക് കമ്പനികളിൽനിന്ന് ഡിജിറ്റൽ സേവന നികുതി ഇടാക്കാനുള്ള കനേഡിയൻ നീക്കമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.