ബൊളീവിയയിൽ കറൻസിയുമായി പോയ വിമാനം തകർന്നു വീണു: 15 മരണം; റോഡിൽ പണം ശേഖരിക്കാൻ വൻ ജനക്കൂട്ടം

അപകടത്തെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന കോടിക്കണക്കിന് നോട്ടുകള്‍ റോഡിലും പരിസരത്തുമായി ചിതറിത്തെറിച്ചു.

New Update
Untitled

ലാ പാസ്: ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസിന് സമീപം കറന്‍സി നോട്ടുകളുമായി പോയ സൈനിക ചരക്കുവിമാനം തകര്‍ന്നു വീണ് 15 പേര്‍ കൊല്ലപ്പെട്ടു.

Advertisment

അപകടത്തെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന കോടിക്കണക്കിന് നോട്ടുകള്‍ റോഡിലും പരിസരത്തുമായി ചിതറിത്തെറിച്ചു. വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം.


ലാ പാസ് വിമാനത്താവളത്തിന് സമീപമുള്ള ഹൈവേയിലേക്കാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ പാതയിലുണ്ടായിരുന്ന പന്ത്രണ്ടോളം വാഹനങ്ങള്‍ തകരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ വിമാനത്തിലുണ്ടായിരുന്നവരും റോഡിലൂടെ യാത്ര ചെയ്തിരുന്നവരും ഉള്‍പ്പെടുന്നുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്ന് ഫയര്‍ ചീഫ് പാവല്‍ തോവര്‍ അറിയിച്ചു.


ബൊളീവിയന്‍ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള 'ഹെര്‍ക്കുലീസ്' വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാ പാസിനോട് ചേര്‍ന്നുള്ള എല്‍ ആള്‍ട്ടോ നഗരത്തിലെ ഹൈവേയിലാണ് വിമാനം പതിച്ചത്.

വിമാനം തകര്‍ന്നു വീണതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കും വിമാനത്തിനും തീപിടിച്ചു. റോഡിലാകെ വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും തകര്‍ന്ന കാറുകളും ചിതറിക്കിടക്കുന്ന ഭീകരമായ അവസ്ഥയായിരുന്നു.


ബൊളീവിയന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള പുതിയ നോട്ടുകളായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം തകര്‍ന്നതോടെ ലക്ഷക്കണക്കിന് നോട്ടുകള്‍ കാറ്റില്‍ പറന്ന് റോഡിലാകെ ചിതറി. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പണം ശേഖരിക്കാനായി വന്‍ ജനക്കൂട്ടം അപകടസ്ഥലത്തേക്ക് ഇരച്ചെത്തി. കലാപ വിരുദ്ധ സേനയെ വിന്യസിച്ചാണ് പോലീസ് ജനങ്ങളെ നിയന്ത്രിച്ചത്.


അപകടത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിമാനം പറന്നുയരുന്നതിനിടെയാണോ അതോ ഇറങ്ങുന്നതിനിടെയാണോ അപകടം സംഭവിച്ചത് എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment