സൈബര്‍ സുരക്ഷാ തലവന് പറ്റിയ അമളി; ചാറ്റ് ജിപിടിയില്‍ രഹസ്യരേഖകള്‍ അപ്ലോഡ് ചെയ്ത് യുഎസ് സൈബര്‍ ചീഫ്; വെട്ടിലായത് മധു ഗൊട്ടു മുക്കലയുടെ 'എഐ' പരീക്ഷണം. അമേരിക്കന്‍ സര്‍ക്കാര്‍ രേഖകള്‍ ചാറ്റ് ജിപിടിയില്‍ !

അദ്ദേഹം അപ്ലോഡ് ചെയ്തത് 'ക്ലാസിഫൈഡ്' രേഖകളല്ലെങ്കിലും, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കേണ്ട അതീവ സെന്‍സിറ്റീവ് ആയ കരാര്‍ രേഖകളായിരുന്നു അവ.

New Update
Untitled

വാഷിംഗ്ടണ്‍: അമേരിക്കയുടെ സൈബര്‍ സുരക്ഷാ കോട്ടകള്‍ കാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്.

Advertisment

യുഎസ് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി ആക്ടിങ് ഡയറക്ടറും ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ഇന്ത്യന്‍ വംശജന്‍ മധു ഗൊട്ടു മുക്കലയാണ് വിവാദത്തിലായിരിക്കുന്നത്. ഗവണ്‍മെന്റിന്റെ അതീവ രഹസ്യസ്വഭാവമുള്ള കരാര്‍ രേഖകള്‍ അദ്ദേഹം ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം.


സര്‍ക്കാര്‍ ശൃംഖലകളില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍, മധു ഗൊട്ടു മുക്കലയുടെ ഈ നീക്കത്തെത്തുടര്‍ന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.


ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ മറ്റ് ജീവനക്കാര്‍ക്ക് ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് വിലക്കുള്ള സമയത്താണ് അദ്ദേഹം പ്രത്യേക അനുമതി വാങ്ങി ഇത് ഉപയോഗിച്ചത്.

പബ്ലിക് വേര്‍ഷനിലുള്ള ചാറ്റ് ജിപിടിയില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍, ആ വിവരങ്ങള്‍ എഐ മോഡലിനെ പരിശീലിപ്പിക്കാന്‍ ഓപ്പണ്‍ എഐ ഉപയോഗിച്ചേക്കാം. ഇത് സര്‍ക്കാര്‍ രഹസ്യങ്ങള്‍ പൊതുവിടത്തിലേക്ക് എത്താന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അദ്ദേഹം അപ്ലോഡ് ചെയ്തത് 'ക്ലാസിഫൈഡ്' രേഖകളല്ലെങ്കിലും, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കേണ്ട അതീവ സെന്‍സിറ്റീവ് ആയ കരാര്‍ രേഖകളായിരുന്നു അവ.


മധു ഗൊട്ടു മുക്കല അധികാരം ഉപയോഗിച്ച് ചാറ്റ് ജിപിടി ലഭ്യമാക്കുകയും പിന്നീട് അത് ദുരുപയോഗം ചെയ്യുകയുമായിരുന്നു എന്ന് 'പൊളിറ്റിക്കോ' റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഭരണകൂടം ആധുനിക സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും, നിയന്ത്രിത സാഹചര്യത്തിലാണ് അദ്ദേഹം എഐ ഉപയോഗിച്ചതെന്നും സിഐഎസ്എ വക്താക്കള്‍ വിശദീകരിച്ചു.


ആരാണ് മധു ഗൊട്ടു മുക്കല?

ആന്ധ്രാ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം ഐടി രംഗത്ത് 24 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ്. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ പിഎച്ച്ഡിയും എംബിഎയും ഉള്‍പ്പെടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുണ്ട്.

റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍ നെറ്റ്വര്‍ക്കുകളെ സംരക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രധാന ചുമതല.

Advertisment