കോംഗോ: മധ്യ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഗോമ നഗരത്തില്‍ കൂട്ടക്കൊലയ്ക്ക് സമാനമായ സാഹചര്യമെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ നഗരത്തിലും അതിന്റെ പരിസര പ്രദേശങ്ങളിലും 773 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.
കോംഗോ സൈന്യവും അയല്‍രാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള വിമതരും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് സംഭവം
എം23 വിമതരുടെ ഈ ആഴ്ചത്തെ ആക്രമണത്തിന് ശേഷം ജനുവരി 30 വരെ 773 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കോംഗോ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ജനുവരി 26 നും 30 നും ഇടയില്‍ 2,880 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിആര്‍സിയുടെ കിഴക്കന്‍ ഭാഗത്തുള്ള ഏറ്റവും വലിയ നഗരവും വടക്കന്‍ കിവു പ്രവിശ്യയുടെ തലസ്ഥാനവുമാണ് ഗോമ.
ഈ നഗരം സ്വര്‍ണ്ണം, കോള്‍ട്ടന്‍, ടിന്‍ ഖനികള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഈ ആഴ്ച റിബല്‍ ഗ്രൂപ്പായ എം 23 ഇത് പിടിച്ചെടുത്തിരുന്നു.
ഇവിടെ വെള്ളവും വൈദ്യുതിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന സേവനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് എം23 വാഗ്ദാനം ചെയ്തതോടെ ഫെബ്രുവരി 1 ന് ഗോമയിലെ നൂറുകണക്കിന് നിവാസികള്‍ നഗരത്തിലേക്ക് മടങ്ങിയിരുന്നു
ആയുധങ്ങളുടെ അവശിഷ്ടങ്ങളും രക്തത്തിന്റെ ദുര്‍ഗന്ധവുമാണ് നിറഞ്ഞ പ്രദേശങ്ങളിലെന്ന് 25 വയസ്സുള്ള പ്രദേശവാസിയായ ജീന്‍ മാര്‍ക്കസ് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനോട് പറയുന്നു.
എന്റെ ഒരു ബന്ധു യുദ്ധത്തില്‍ മരിച്ചു. ഞാന്‍ ക്ഷീണിതയാണ്, ഏത് വഴിയാണ് പോകേണ്ടതെന്ന് അറിയില്ല. ഓരോ കോണിലും വിലപിക്കുന്ന ആളുകളെ കാണാമെന്നും അവര്‍ പറഞ്ഞു.
അതേസമയം, മാനുഷിക സംഘടനകള്‍ ഗോമ നഗരത്തില്‍ കനത്ത പോരാട്ടത്തിനിടയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.