ന്യൂയോര്‍ക്ക്: ലോകത്ത് ആദ്യമായി, വെറും എട്ട് ഡോളര്‍ (ഏകദേശം 694 രൂപ) ചെലവില്‍ നാല് യാത്രക്കാര്‍ ഒരു ഇലക്ട്രിക് വിമാനത്തില്‍ 130 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. വിമാനയാത്രയുടെ ഭാവിയെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഈ ചരിത്രപരമായ നേട്ടം അമേരിക്കയിലാണ് നടന്നത്.
ബീറ്റാ ടെക്‌നോളജീസ് വികസിപ്പിച്ച സിഎക്‌സ്300 എന്ന 100% ഇലക്ട്രിക് വിമാനം, ആദ്യമായി യാത്രക്കാരുമായി ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. ഇത് പരീക്ഷണ പറക്കലല്ല, നാല് യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള യഥാര്‍ത്ഥ സര്‍വീസായിരുന്നു.
ഈ മാസം ആദ്യം, ഈസ്റ്റ് ഹാംപ്ടണില്‍ നിന്ന് ജോണ്‍ എഫ്. കെന്നഡിയിലേക്കുള്ള 130 കിലോമീറ്റര്‍ (70 നോട്ടിക്കല്‍ മൈല്‍) ദൂരമുള്ള യാത്ര വിമാനം 35 മിനിറ്റില്‍ പൂര്‍ത്തിയാക്കി.
ഈ യാത്രയ്ക്ക് ഇന്ധനച്ചെലവ് വെറും എട്ട് ഡോളര്‍ മാത്രമാണെന്ന് ബീറ്റാ ടെക്‌നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ കൈല്‍ ക്ലാര്‍ക്ക് പറഞ്ഞു.
സാധാരണ ഇന്ധനവിമാനങ്ങളില്‍ ഇതേ ദൂരം പറക്കാന്‍ ഏകദേശം 160 ഡോളര്‍ (13,885 രൂപ) വരെ ചെലവാകും. ഇലക്ട്രിക് വിമാനങ്ങള്‍ വളരെ ശബ്ദരഹിതമായതിനാല്‍ യാത്രക്കാര്‍ക്ക് പറക്കലിനിടെ പരസ്പരം സൗകര്യപ്രദമായി സംസാരിക്കാന്‍ കഴിയും.
പൈലറ്റ്, വിമാന ചാര്‍ജ് എന്നിവയുടെ ചെലവ് വേറെയാണെങ്കിലും, മൊത്തത്തില്‍ ഈ മോഡല്‍ വളരെ ലാഭകരമാണ്.
സാങ്കേതിക സവിശേഷതകള്‍
ഒറ്റ ചാര്‍ജില്‍ 250 നോട്ടിക്കല്‍ മൈല്‍ വരെ പറക്കാന്‍ കഴിയും. നഗരങ്ങള്‍ക്കും പ്രാന്തപ്രദേശങ്ങള്‍ക്കും ഇടയിലെ ചെറിയ യാത്രകള്‍ക്ക് അനുയോജ്യം.കുറഞ്ഞ ശബ്ദം, കുറഞ്ഞ മലിനീകരണം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും സാമ്പത്തിക ലാഭവും.
ഇലക്ട്രിക് വിമാനങ്ങള്‍ ഗതാഗത മേഖലയിലെ ഗെയിംചേഞ്ചറായി മാറാന്‍ സാധ്യതയുണ്ട്. മലിനീകരണം കുറയ്ക്കാനും ചെലവ് വെട്ടിക്കുറയ്ക്കാനും ഇത്തരം വിമാനങ്ങള്‍ സഹായകമാവും.
2017-ല്‍ സ്ഥാപിതമായ ബീറ്റാ ടെക്‌നോളജീസ് ഇതിനകം തന്നെ 1 ബില്യണ്‍ ഡോളറിലധികം ഫണ്ടിംഗ് സമാഹരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.