ബെയ്ജിങ്: ദലൈലാമയുടെ പിൻഗാമി അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമായിരിക്കണമെന്ന ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനക്കെതിരെ ചൈന.
ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കാതിരിക്കാൻ തിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു.
14ാമത് ദലൈലാമയുടെ ചൈന വിരുദ്ധ വിഘടനവാദ സ്വഭാവം ഇന്ത്യ മനസ്സിലാക്കണമെന്നും സിസാങ് (തിബറ്റ്) സംബന്ധമായ വിഷയങ്ങളിലെ പ്രതിബദ്ധത മാനിക്കണമെന്നും അവർ പറഞ്ഞു. സിസാങ് എന്നാണ് തിബറ്റിനെ ചൈന വിളിക്കുന്നത്.
ഇന്ത്യ വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത പാലിക്കണം. സിസാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. ചൈന-ഇന്ത്യ ബന്ധത്തിൽ പ്രത്യാഘാതമുണ്ടാകുന്നത് ഒഴിവാക്കണം -മാവോ നിങ് പറഞ്ഞു.