ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവരെ ട്രംപ് ഭരണകൂടം സൈനിക വിമാനം വഴി ഇന്ത്യയിലേക്ക് നാടുകടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ഡല്‍ഹിയിലെ യുഎസ് എംബസി.
ഇന്ത്യയിലേക്കുള്ള നാടുകടത്തലുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ല. അമേരിക്ക അതിര്‍ത്തി സുരക്ഷ ശക്തമായി നടപ്പിലാക്കുന്നു.
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുകയും അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുകയും ചെയ്യുന്നുവെന്ന് അറിയിക്കുന്നു. അനധികൃത കുടിയേറ്റം അപകടമുക്തമല്ല എന്ന് വ്യക്തമാക്കുന്നു. യുഎസ് എംബസി വക്താവ് പറഞ്ഞു.
അമേരിക്ക അതിര്‍ത്തി, കുടിയേറ്റ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നു. അനധികൃത കുടിയേറ്റം അപകടം പിടിച്ചതാണെന്ന സന്ദേശമാണ് ട്രംപ് സര്‍ക്കാര്‍ നല്‍കുന്നതെന്നും യുഎസ് എംബസി വക്താവ് പറഞ്ഞു.
അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന.
അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം.
അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞ് കണ്ടുപിടിക്കുകയും അവര്‍ എവിടെ നിന്നുവന്നോ അവിടേക്ക് പറഞ്ഞയയ്ക്കുകയും ചെയ്യുകയാണ് എന്നാണ് ട്രംപ് നടപടിയെ വിശേഷിപ്പിച്ചത്.