/sathyam/media/media_files/2025/10/18/images-1280-x-960-px393-2025-10-18-00-45-09.jpg)
ധാക്ക: പുതിയ ഭരണഘടനയെ എതിർത്ത് ബംഗ്ലാദേശിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാർക്കുനേരെ പോലീസ് കണ്ണീർ വാതകം പ്രയോ​ഗിക്കുകയും ലാത്തിവീശുകയും ചെയ്തു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് നിലവിൽ ബംഗ്ലാദേശ് ഭരിക്കുന്നത്. ഈ ഇടക്കാല സർക്കാർ ഇന്ന് (ഒക്ടോബർ 17) പുതിയ ഭരണഘടന പുറത്തിറക്കിയിരുന്നു.
ഭരണഘടനയെ എതിർത്ത് രാജ്യത്ത് വലിയ പ്രതിഷേധം സർക്കാരിനെതിരെ പൊട്ടിപ്പുറപ്പെട്ടു. നൂറുകണക്കിന് പ്രതിഷേധക്കാർ രാജ്യത്തിന്റെ പാർലമെന്റ് കോംപ്ലക്‌സിന് മുന്നിൽ തടിച്ചുകൂടി.
പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ വിസമ്മതിച്ചതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
തുടർന്ന്, അവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രതിഷേധക്കാർ പോലീസിന്റെ വാഹനങ്ങൾ തല്ലിത്തകർത്തു. കൂടാതെ പോലീസ് താമസിച്ചിരുന്ന കൂടാരങ്ങൾക്കും നാശനഷ്ടം വരുത്തി.
സംഘർഷാവസ്ഥയ്ക്ക് അയവ് വരാത്തതിനാൽ കൂടുതൽ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.