/sathyam/media/media_files/2025/12/25/img117-2025-12-25-22-26-34.png)
ധാക്ക: ബംഗ്ലാദേശിൽ യുവാവിനെ ഗ്രാമവാസികൾ ചേർന്ന് മർദ്ദിച്ച് കൊന്നു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
രാജ്ബരി ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. അമൃത് മൊണ്ടൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന അതേ ഗ്രാമത്തിലെ താമസക്കാരനായിരുന്നു അമൃതും.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് മൈമെൻസിങ്ങിലെ ഭലൂകയിൽ തുണി നിർമാണശാല ജീവനക്കാരനായ ദിപു ചന്ദ്രദാസ് എന്ന യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മറ്റൊരു കൊലപാതകം.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അമൃതിനെ പ്രദേശവാസികൾ ചേർന്ന് മർദിച്ചത്. വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ അമൃതിനെ പാങ്ഷ ഉപ്‌സിലാ ഹെൽത്ത് കോംപ്ലക്‌സിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ, വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ അമൃത് മരിച്ചു. അമൃതിന്റെ കൂട്ടാളികളിലൊരാളായ മുഹമ്മദ് സലിം എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും ഇയാളുടെ പക്കൽനിന്ന് രണ്ട് തോക്കുകൾ പിടിച്ചെടുത്തതായും വിവരമുണ്ട്.
അമൃതിനെതിരേ ഒരു കൊലപാതക കേസ് ഉൾപ്പെടെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി.
ഭീഷണിപ്പെടുത്തി പണം തട്ടുകയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സംഘത്തെ അമൃത് നയിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.
ഈയടുത്ത് ബംഗ്ലാദേശിലേക്ക് മടങ്ങിവരുന്നതിന് മുൻപ് ഇയാൾ ഇന്ത്യയിൽ ഒളിവിൽ കഴിഞ്ഞിരുന്നതായും ഗ്രാമവാസികൾ ആരോപിച്ചു.
ഗ്രാമത്തിലെ തന്നെ താമസക്കാരനായ ഷഹീദുൽ ഇസ്‌ലാം എന്നായാളോട് അമൃത് പണം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. ബുധനാഴ്ച രാത്രി, അമൃതും സംഘവും ഷഹീദുലിന്റെ വീട്ടിലെത്തി.
ആ സമയത്ത് വീട്ടുകാർ കള്ളന്മാർ എന്ന് ആർത്തു വിളിക്കുകയും ഗ്രാമവാസികൾ ഓടിക്കൂടുകയും അമൃതിനെ മർദിക്കുകയുമായിരുന്നു. ആക്രമണത്തിനു പിന്നാലെ അമൃതിന്റെ കൂട്ടാളികൾ ഓടി രക്ഷപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us