ഇക്വഡോർ: ഇക്വഡോറിലെ കൗൺസിലറായ ഡയാന കാർനെറോ വെടിയേറ്റു മരിച്ചു. 29- വയസ്സായിരുന്നു. പൊതുജനങ്ങൾ പങ്കെടുത്ത ഒരു യോഗം പൂർത്തിയാക്കിയതിന് പിന്നാലെ പട്ടാപ്പകൽ അജ്ഞാതരുടെ വെടിയേറ്റ് അവർ കൊല്ലപ്പെടുകയായിരുന്നു.
ക്രിമിനൽ മയക്കുമരുന്ന് സംഘങ്ങൾ നടത്തുന്ന അക്രമങ്ങളാൽ വലയുന്ന തെക്കേ അമേരിക്കൻ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ഡയാനയുടേത്.
മുൻ പ്രസിഡൻ്റ് റാഫേൽ കൊറിയയുടെ അനുയായികൾ രൂപീകരിച്ച സിറ്റിസൺ റെവല്യൂഷൻ മൂവ്‌മെൻ്റ് പാർട്ടിയിലെ അംഗമായിരുന്നു കാർനെറോ. 2023 ലെ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും ഡയാനയിലെ പാർട്ടിയിലെ അംഗവുമായ ലൂയിസ ഗോൺസാലസ് എക്‌സിലെ ഒരു പോസ്റ്റിലൂടെ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
"ഞങ്ങളുടെ സഹപ്രവർത്തകയായ നരഞ്ജലിലെ കൗൺസിലർ ഡയാന കാർനെറോ കൊല്ലപ്പെട്ടു. അവരുടെ കുടുംബത്തിന് ഹൃദയംഗമമായ ആലിംഗനം- അവർ പോസ്റ്റിൽ സൂചിപ്പിച്ചു.
കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് വീഡിയോ പകർത്തുന്നതിനിടെയാണ് കാർനെറോ ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് അജ്ഞാതരായ അക്രമികൾ അവളുടെ തലയ്ക്ക് വെടിയുതിർക്കുകയും ആക്രമണം നടന്നയുടനെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.