സന്ധി ചർച്ചയോ സായുധ നീക്കമോ? ഇറാനെതിരെ യുദ്ധക്കപ്പലുകളെ വിന്യസിച്ച് അമേരിക്ക; ഒമാനിൽ നിർണ്ണായക ചർച്ച ഇന്ന്

റവല്യൂഷണറി ഗാര്‍ഡ്സിന്റെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ 'ഖോറംഷഹര്‍-4' എന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഇറാന്‍ പ്രദര്‍ശിപ്പിച്ചു.

New Update
Untitled

ന്യൂയോര്‍ക്ക്:  അറബിക്കടലില്‍ 'യുഎസ്എസ് എബ്രഹാം ലിങ്കണ്‍' വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള പടക്കപ്പലുകള്‍ നിലയുറപ്പിച്ചിരിക്കെയാണ് നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നത്.

Advertisment

ഇറാനുമായി നയതന്ത്രപരമായ പരിഹാരമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.


ഇറാന്റെ ആണവ ശേഷി പൂര്‍ണ്ണമായും ഇല്ലാതാക്കുക, ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കുക, മിഡില്‍ ഈസ്റ്റിലെ മറ്റ് സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുക തുടങ്ങി മസ്‌കറ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇറാനുമേല്‍ കടുത്ത നിബന്ധനകളാണ് അമേരിക്ക മുന്നോട്ട് വെക്കുന്നത്.

എന്നാല്‍, ആണവ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യൂ എന്ന നിലപാടിലാണ് ഇറാന്‍. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകള്‍ക്കായി ഒമാനിലെത്തിയത്.

ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പ് ഇരുവിഭാഗവും സൈനിക കരുത്ത് പ്രദര്‍ശിപ്പിച്ചത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റവല്യൂഷണറി ഗാര്‍ഡ്സിന്റെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ 'ഖോറംഷഹര്‍-4' എന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഇറാന്‍ പ്രദര്‍ശിപ്പിച്ചു.


അറബിക്കടലില്‍ അമേരിക്കന്‍ കപ്പലിനെ ലക്ഷ്യമിട്ട് എത്തിയ ഇറാനിയന്‍ ഡ്രോണ്‍ കഴിഞ്ഞ ദിവസം യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നു. മേഖലയില്‍ കൂടുതല്‍ സൈനികരെയും അത്യാധുനിക നിരീക്ഷണ വിമാനങ്ങളെയും അമേരിക്ക വിന്യസിച്ചിട്ടുണ്ട്.


മേഖലയില്‍ ഒരു യുദ്ധസാധ്യത ഒഴിവാക്കാന്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ഗള്‍ഫ് സന്ദര്‍ശന വേളയില്‍ വിഷയത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. ചൈനയും വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment