/sathyam/media/media_files/2025/10/10/bbb-2025-10-10-03-49-27.jpg)
ബീജിങ്: ജനിതക മാറ്റം വരുത്തിയ പന്നിയുടെ കരൾ സ്വീകരിച്ച ചൈനീസ് പൗരൻ 170 ദിവസത്തിലധികം ജീവിച്ചിരുന്നുവെന്ന് ഡോക്ടർമാർ. പന്നിയുടെ കരൾ സ്വീകരിച്ച ഒരു രോഗി രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ കാലഘട്ടമാണിത്. ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള 71 വയസ്സുള്ളയാളിലാണ് പന്നിയുടെ കരൾ തുന്നിച്ചേർത്തത്.
2024 മെയ് മാസത്തിൽ ഫസ്റ്റ് അഫിലിയേറ്റഡ് ഹോസ്പിറ്റൽ ഓഫ് അൻഹുയി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ഈ ശസ്ത്രക്രിയ നടന്നത്. ജനിതക മാറ്റം വരുത്തിയ 11 മാസം പ്രായമുള്ള ഒരു പന്നിയുടെ കരൾ ആണ് രോഗിക്ക് വെച്ചുപിടിപ്പിച്ചത്. തുടക്കത്തിൽ 38 ദിവസത്തോളം പന്നിയുടെ കരൾ ശരീരത്തിൽ പ്രവർത്തിച്ചിരുന്നു.
കരൾ രോഗവും വലിയ കരൾ ട്യൂമറും കാരണം ഈ രോഗിക്ക് സാധാരണ മനുഷ്യ കരൾ മാറ്റിവെക്കാൻ സാധിച്ചിരുന്നില്ല. അനുയോജ്യമായ മനുഷ്യ കരൾ ലഭ്യമല്ലാത്തതുകൊണ്ട് ഡോക്ടർമാർ ജനിതക മാറ്റം വരുത്തിയ പന്നിയുടെ കരൾ ഉപയോഗിക്കാൻ തീരുമാനിച്ചു. പ്രതിരോധശേഷി കുറയ്ക്കാനും അണുബാധ ഒഴിവാക്കാനും 10 ജീനുകളിൽ മാറ്റം വരുത്തിയിരുന്നു. ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്യുകയും പന്നിയുടെ കരൾ രോഗിയുടെ ശേഷിക്കുന്ന കരളുമായി ബന്ധിപ്പിക്കുകയും ചെയ്തു.
തുടക്കത്തിൽ പന്നിയുടെ കരൾ നന്നായി പ്രവർത്തിച്ചു. വീക്കം അല്ലെങ്കിൽ കരൾ തിരസ്കരിക്കപ്പെടുന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അൾട്രാസൗണ്ട് പരിശോധനകളിൽ പോർട്ടൽ വെയിൻ, ഹെപ്പാറ്റിക് ആർട്ടറി, ഹെപ്പാറ്റിക് വെയിൻ എന്നിവയിലൂടെ രക്തയോട്ടം സാധാരണ നിലയിലാണെന്ന് കണ്ടെത്തി. എന്നാൽ ഇരുപത്തിയഞ്ചാം ദിവസം രോഗിയുടെ ഹൃദയത്തിന് സമ്മർദ്ദം അനുഭവപ്പെട്ടു.
മുപ്പത്തിയെട്ടാം ദിവസം രോഗിയുടെ സ്വന്തം കരൾ ജീവൻ നിലനിർത്താൻ ആവശ്യമായ പ്രവർത്തനം വീണ്ടെടുത്തപ്പോൾ പന്നിയുടെ കരൾ നീക്കം ചെയ്തു.
പിന്നീട് രോഗിയുടെ മരണം സംഭവിച്ചെങ്കിലും നിർണായക ചുവടുവെപ്പാണ് നടത്താനയതെന്ന് ഡോക്ടർമാർ പറഞ്ഞു. പന്നിയുടെ കരൾ തുടക്കത്തിൽ പിത്തരസം ഉത്പാദിപ്പിക്കുകയും രോഗിയുടെ ശരീരത്തിൽ സുപ്രധാനമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവെന്ന് മെഡിക്കൽ സംഘം അവകാശപ്പെട്ടു.