/sathyam/media/media_files/2025/09/12/photos279-2025-09-12-08-00-21.jpg)
ദോഹ: ദോഹയിലെ ആക്രമണത്തിൽ ഇസ്രായേലിനെ പരാമർശിക്കാതെ അപലപിച്ച് യുഎൻ രക്ഷാസമിതി. സമിതി അംഗങ്ങൾ ഏകകണ്ഠമായാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
യുകെയും ഫ്രാൻസും ചേർന്നാണ് പ്രസ്താവനയുടെ കരട് തയ്യാറാക്കിയത്. ഒരിടത്തു പോലും ഇസ്രായേലിന്റെ പേരില്ലാതെയാണ് പതിനഞ്ചംഗ യുഎൻ രക്ഷാസമിതി ദോഹയിൽ നടന്ന ആക്രമണത്തെ അപലപിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്.
യുഎസ് അടക്കമുള്ള എല്ലാ അംഗങ്ങളും പ്രസ്താവനയെ പിന്തുണച്ചു. ഖത്തറിന് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അംഗങ്ങൾ അറിയിച്ചു.
പ്രധാന മധ്യസ്ഥ രാഷ്ട്രമായ ഖത്തറിലെ ദോഹയിൽ സെപ്തംബർ ഒമ്പതിനു നടന്ന ആക്രമണത്തെ അപലപിക്കുന്നു. സാധാരണക്കാരന്റെ ജീവൻ നഷ്ടമായതിൽ അഗാധമായ ദുഃഖമുണ്ട്.
ഖത്തറിന് ഐക്യദാർഢ്യം അറിയിക്കുന്നതിനൊപ്പം സംഘർഷങ്ങൾ ഇല്ലാതിരിക്കേണ്ടതിന്റെ പ്രാധാന്യം ഈ കൗൺസിൽ അടിവരയിടുന്നു. ഖത്തറിന്റെ പരമാധികാരത്തിനും യുഎൻ ചാർട്ടർ നയങ്ങൾ അനുസരിച്ചുള്ള അതിർത്തി സംരക്ഷണത്തിനും പിന്തുണ നൽകുന്നു.
ഈജിപ്തും യുഎസുമായി ചേർന്ന് ഖത്തർ മേഖലയിൽ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ ഈ കൗൺസിൽ ഓർത്തെടുക്കുന്നു- എന്നിങ്ങനെയാണ് രക്ഷാസമിതിയുടെ പ്രസ്താവന.
കൊല്ലപ്പെട്ടവർ അടക്കം ഹമാസിന്റെ പക്കലുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കപ്പണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. ഗസ്സയിലെ യുദ്ധവും ദുരിതവും അവസാനിപ്പിക്കുന്നത് രക്ഷാസമിതിയുടെ മുന്തിയ പരിഗണനയാണെന്നും അംഗങ്ങൾ വ്യക്തമാക്കി.