/sathyam/media/media_files/NjpabEkWNd0P95AvViRi.jpg)
യു എസ് : നാറ്റോ സഖ്യകക്ഷികൾ അവരുടെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റിയില്ലെങ്കിൽ റഷ്യയോട് ആക്രമിക്കാൻ പറയുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രൈമറി നടക്കുന്ന സൗത്ത് കരോലിനയിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമർശം. രണ്ടാം തവണയും അമേരിക്കയുടെ പ്രസിഡന്റ് പദം ലക്ഷ്യം വയ്ക്കുന്ന റിപ്പബ്ലിക്കൻ നേതാവാണ് ഡോണൾഡ് ട്രംപ്.
യുക്രെയ്ന് നൽകുന്ന സാമ്പത്തിക സഹായവും നാറ്റോയുടെ നിലനില്പിനെയും ട്രംപ് പലപ്പോഴായി ചോദ്യം ചെയ്തിരുന്നു. അത് ശനിയാഴ്ചയും അദ്ദേഹം ആവർത്തിച്ചിരുന്നു. റഷ്യയെ പ്രതിരോധിക്കാൻ വലിയ തുക ചെലവഴിക്കുന്നതിൽ ട്രംപ് ആശങ്കയും പ്രകടിപ്പിച്ചിരുന്നു. നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങൾ നൽകേണ്ട പണം നൽകാത്തവരെ റഷ്യ ആക്രമിച്ചാൽ സഹായിക്കാൻ അമേരിക്ക ഉണ്ടാകില്ലെന്ന് താൻ സഖ്യത്തിന്റെ ചർച്ചയിൽ പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് സൗത്ത് കരോലിനയിലെ പ്രസംഗത്തിനിടെ പറഞ്ഞു.
"തന്റെ നേതൃത്വത്തിന് കീഴിലുള്ള അമേരിക്ക 'കൃത്യവിലോപം' നടത്തുന്ന രാജ്യങ്ങളെ സംരക്ഷിക്കില്ല. പകരം അങ്ങനെയുള്ള രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യയെ പ്രോത്സാഹിപ്പിക്കും" ട്രംപ് പറഞ്ഞു. ഒരിക്കൽ കൂടി ഭരണത്തിലേറുകയാണെങ്കിൽ ട്രംപിന്റെ നിലപാടുകൾ ഏതുവിധേനയാകുമെന്നതിന്റെ സൂചനയാണ് വാക്കുകളിൽ പ്രതിഫലിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കാതുകൾക്ക് മാധുര്യം പകരുന്നതാണ് ട്രംപിന്റെ വാക്കുകളെന്ന് രാഷ്ട്രീയ കമന്റേറ്ററായ അലീസ ഗ്രിഫിൻ പ്രതികരിച്ചു.