/sathyam/media/media_files/2025/06/15/yYg5r9VoKlpaCeqxKBLA.jpg)
വാഷിം​ഗ്ടൺ: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ കരാർ അധികം വൈകാതെ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, പലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ച പാശ്ചാത്യരാജ്യങ്ങളുടെ നടപടിയെ അപലപിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു.
പലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ച പാശ്ചാത്യരാജ്യങ്ങളുടെ നടപടിയെ അപലപിക്കുമെന്ന് ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്യാൻ അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചിരുന്നു.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ കോടതിയുടെ അറസ്റ്റ് ഒഴിവാക്കാൻ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് ബെഞ്ചമിൻ നെതന്യാഹു യൂറോപ്യൻ രാഷ്ട്രങ്ങൾക്കു മുകളിലൂടെയുള്ള പറക്കൽ ഒഴിവാക്കിയാണ് ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചത്. വിമാനം അടിയന്തരമായി ഈ രാജ്യങ്ങളിൽ ഇറക്കേണ്ടി വന്നാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയമാണ് യാത്രാപഥം മാറ്റാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
ഫ്രാൻസും സ്‌പെയ്‌നും ഒഴിവാക്കി, ഗ്രീസിനേയും ഇറ്റലിയെയും ജിബ്രാൾട്ടർ കടലിടുക്കിലൂടെ കടന്നാണ് അറ്റ്‌ലാന്റിക്കിനു മുകളിലൂടെ നെതന്യാഹുവിന്റെ വിമാനം പറന്നത്.
നെതന്യാഹുവിന്റെ യു എൻ അഭിസംബോധനയ്ക്കു മുമ്പായി അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 29ന് ട്രംപും നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്.