അസർബൈജാനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; തിരിച്ചടിക്കുമെന്ന് ഇൽഹാം അലിയേവ്

ഇറാന്റേത് അകാരണമായ അധിനിവേശവും ഭീകരപ്രവര്‍ത്തനവുമാണെന്ന് കുറ്റപ്പെടുത്തിയ അലിയേവ്, തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി

New Update
Untitled

ബാക്കു: പശ്ചിമേഷ്യന്‍ യുദ്ധം അയല്‍രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. അസര്‍ബൈജാന്റെ അധീനതയിലുള്ള നഖ്ചിവന്‍ മേഖലയിലെ വിമാനത്താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി അസര്‍ബൈജാന്‍ ആരോപിച്ചു.

Advertisment

ആക്രമണത്തില്‍ നാല് സിവിലിയന്മാര്‍ക്ക് പരിക്കേറ്റു. ഇറാന്റെ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് മുന്നറിയിപ്പ് നല്‍കി.


ഇറാന്റേത് അകാരണമായ അധിനിവേശവും ഭീകരപ്രവര്‍ത്തനവുമാണെന്ന് കുറ്റപ്പെടുത്തിയ അലിയേവ്, തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഇറാനുമായുള്ള 700 കിലോമീറ്റര്‍ അതിര്‍ത്തിയിലൂടെയുള്ള ട്രക്ക് ഗതാഗതം അസര്‍ബൈജാന്‍ അടിയന്തരമായി നിര്‍ത്തിവെച്ചു.

അസര്‍ബൈജാന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇറാന്‍ സൈനിക നേതൃത്വം വ്യക്തമാക്കി. സിവിലിയന്‍ കേന്ദ്രങ്ങളെ തങ്ങള്‍ ലക്ഷ്യമിടാറില്ലെന്നാണ് ഇറാന്റെ വാദം.


ഇസ്രായേലുമായുള്ള അസര്‍ബൈജാന്റെ അടുത്ത സൈനിക ബന്ധമാണ് ഇറാനെ ചൊടിപ്പിക്കുന്നത്. അസര്‍ബൈജാന്‍ മണ്ണ് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇറാന്‍ ആരോപിക്കുന്നു. എന്നാല്‍ അയല്‍രാജ്യമായ ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്ന് അസര്‍ബൈജാന്‍ ആവര്‍ത്തിച്ചു.


ഇറാനിലെ വലിയൊരു വിഭാഗം വരുന്ന അസര്‍ബൈജാനി വംശജരെ ഉപയോഗിച്ച് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന ഭയം ഇറാനുണ്ട്. പുതിയ ഡ്രോണ്‍ ആക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ നിലയിലേക്ക് മാറിയിരിക്കുകയാണ്.

Advertisment