/sathyam/media/media_files/2025/11/03/afgan-2025-11-03-18-05-46.jpg)
കാബൂൾ: വൻ ഭൂകമ്പത്തിൽ കുലുങ്ങി വിറച്ച് അഫ്ഗാനിസ്ഥാൻ. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ദുരന്തത്തിൽ ചുരുങ്ങിയത് ഇരുപത് പേർ മരിച്ചതായി അഫ്ഗാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി 320 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാൽഖ്, സമൻഗൻ പ്രവിശ്യകളാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞത്. മരണസംഖ്യ ഇനിയും കുതിച്ചുയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സമൻഗൻ പ്രവിശ്യയിൽ മാത്രം 143 പേർക്ക് പരുക്കേറ്റതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) വക്താവ് മുഹമ്മദുള്ള ഹമദ് പറഞ്ഞു. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ 15-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട മസാർ-ഇ-ഷെരീഫിലെ ബ്ലൂ മോസ്കും ഭൂകമ്പത്തിൽ തകർന്നു.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ പള്ളിയുടെ മിനാരങ്ങൾ തകർന്നു വീണതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടന്നു വരികയാണ്. രക്ഷാപ്രവർത്തകർ കെട്ടിട അവശിഷ്ടങ്ങളിൽ നിന്നും ആളുകളെ പുറത്തെടുക്കുന്ന വീഡിയോകൾ എക്‌സിൽ അടക്കം പ്രചരിക്കുന്നുണ്ട്.
ലോകത്ത് ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് അഫ്ഗാൻ. ഓഗസ്റ്റിൽ, രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മലയോര ഗ്രാമങ്ങളിൽ ജീവിച്ചിരുന്ന 2,200-ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us