ഡല്‍ഹി: ചൈനയിലെ ടിബറ്റ് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 95 ആയി. 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടിബറ്റിലെ ഷിജാങ്ങില്‍ ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ് രാവിലെ 9.05ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അനുസരിച്ച്, തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.1 ആയിരുന്നു. നേപ്പാള്‍, ഭൂട്ടാന്‍, സിക്കിം, ഇന്ത്യയിലെ ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടു. നിലവില്‍ ഇന്ത്യയില്‍ ആളപായമില്ല
ആദ്യ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ മേഖലയില്‍ രണ്ട് ഭൂചലനങ്ങള്‍ കൂടി ഉണ്ടായതായി എന്‍സിഎസ് റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക ഉദ്യോഗസ്ഥര്‍ നിരന്തരം സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. മരണസംഖ്യയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് ലെവല്‍ -3 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ദുരന്തബാധിത പ്രദേശത്ത് ചൈനീസ് വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഭൂകമ്പത്തെത്തുടര്‍ന്ന് പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു, ഇത് കാരണം വൈദ്യുതിയും വെള്ളവും വിച്ഛേദിക്കപ്പെട്ടു.
പ്രാദേശിക ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിനും നേരിടാന്‍ കഴിയാത്തത്ര വലിയ അപകടം ഉണ്ടാകുമ്പോഴാണ് ലെവല്‍-3 അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര സഹായം അയക്കുന്നു
ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെടുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭൂചലനത്തിന്റെ ആഘാതം 400 കിലോമീറ്റര്‍ അകലെയുള്ള നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പോലും അനുഭവപ്പെട്ടു.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 200 കിലോമീറ്റര്‍ ചുറ്റളവില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നത്തെ ഭൂകമ്പം. ഇന്ത്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂട്ടിയിടിക്കുന്ന സ്ഥലത്താണ് ഇതിന്റെ കേന്ദ്രം.