/sathyam/media/media_files/2025/09/01/earthquakeuntitled-2025-09-01-15-11-53.jpg)
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 800 പേര്‍ മരിച്ചതായും 400-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ ഭരണത്തിന് കീഴിലുള്ള ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:47-നാണ് സംഭവിച്ചത്. ഇതിന് പിന്നാലെ 4.7, 4.3, 5.0, 5.0 എന്നിങ്ങനെ തീവ്രതയുള്ള തുടര്‍ചലനങ്ങളും ഉണ്ടായി.
ഭൂകമ്പത്തിന്റെ ആഘാതം പാകിസ്ഥാനിലും ഉത്തരേന്ത്യയിലും വരെ അനുഭവപ്പെട്ടു. ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ശക്തമായ ചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഫ്ഗാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കുനാര്‍ പ്രവിശ്യയിലെ മൂന്ന് ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
'കുറച്ച് ക്ലിനിക്കുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 400-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്,' മന്ത്രാലയ വക്താവ് ഷറഫത് സമാന്‍ പറഞ്ഞു.