ഡല്‍ഹി: ടിബറ്റിനെ ഞെട്ടിച്ച് വന്‍ ഭൂചലനം. ചൊവ്വാഴ്ച രാവിലെയാണ് ടിബറ്റില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉള്‍പ്പെടെ നിരവധി ഭൂകമ്പങ്ങള്‍ ഉണ്ടായത്. ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പട്ന ഉള്‍പ്പെടെ ബീഹാറിലെ പല പ്രദേശങ്ങളിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് നിവാസികള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടിയതായി റിപ്പോര്‍ട്ട്.
ഞാന്‍ ഉറങ്ങുകയായിരുന്നു. കിടക്ക വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ കുട്ടി കിടക്ക അനക്കുകയാണെന്ന് ഞാന്‍ കരുതി. ഞാന്‍ അത്ര ശ്രദ്ധിച്ചില്ലെങ്കിലും ജനലിന്റെ ഇളക്കം അറിഞ്ഞതോടെ ഭൂകമ്പമാണെന്ന് ഉറപ്പിച്ചു.
തുടര്‍ന്ന് ഞാന്‍ തിടുക്കത്തില്‍ എന്റെ കുട്ടിയെ വിളിച്ച് വീട്ടില്‍ നിന്നും തുറന്ന ഗ്രൗണ്ടിലേക്ക് പോയി. കാഠ്മണ്ഡു നിവാസിയായ മീര അധികാരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച് നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള സിസാങ്ങില്‍ രാവിലെ 6:35 നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം ഉണ്ടായത്. ഈ തീവ്രത ശക്തമായി കണക്കാക്കപ്പെടുന്നതും ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളതുമാണ്
പിന്നാലെ 4.7, 4.9 തീവ്രതയുള്ള രണ്ട് തുടര്‍ചലനങ്ങള്‍ ഇതേ പ്രദേശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്സെ നഗരത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായതായി ചൈനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഷിഗാറ്റ്സെ നഗരത്തിന്റെ 200 കിലോമീറ്ററിനുള്ളില്‍ മൂന്നോ അതിലധികമോ തീവ്രതയുള്ള 29 ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇവയെല്ലാം ചൊവ്വാഴ്ച രാവിലെ ഉണ്ടായതിനേക്കാള്‍ ചെറുതായിരുന്നു.