ജോര്‍ദാന്‍: ജോര്‍ദാനിലെ ഇസ്രായേല്‍ എംബസിക്ക് സമീപം ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തോക്കുധാരി വെടിയേറ്റ് മരിക്കുകയും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാ സ്രോതസ്സിനെയും സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ടിനെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അമ്മാനിലെ റാബിയയില്‍ പോലീസ് പട്രോളിംഗിന് നേരെ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ പോലീസ് വെടിവച്ച് കൊന്നതായി സംസ്ഥാന വാര്‍ത്താ ഏജന്‍സി പെട്ര റിപ്പോര്‍ട്ട് ചെയ്തു.
തോക്കുധാരിയെ വധിക്കുന്നതിന് മുമ്പ് ജോര്‍ദാന്‍ പോലീസ് എംബസിക്ക് സമീപമുള്ള പ്രദേശം വളഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
വെടിയൊച്ച കേട്ടയുടന്‍ പോലീസും ആംബുലന്‍സുകളും എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് കുതിച്ചതായി സാക്ഷികള്‍ പറഞ്ഞു.
ഇസ്രയേലിനെതിരെ നിരന്തരം പ്രതിഷേധം നടക്കുന്ന പ്രദേശമാണ് ഇത്. ഗാസയിലെ യുദ്ധത്തിനിടയില്‍ ഇസ്രായേലിനെതിരെ വലിയ റാലികള്‍ക്ക് ജോര്‍ദാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. വീടിനുള്ളില്‍ തന്നെ തുടരാന്‍ പോലീസ് താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.
ജോര്‍ദാനിലെ 12 ദശലക്ഷം ജനങ്ങളില്‍ പലരും പലസ്തീനിയന്‍ വംശജരാണ്. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സൃഷ്ടിയിലേക്ക് നയിച്ച 1948 ലെ യുദ്ധത്തില്‍ കുടിയിറക്കപ്പെട്ടവരോ ജോര്‍ദാനിലേക്ക് പലായനം ചെയ്തവരോ ആണ് ഇവര്‍.