വാഷിംഗ്ടണ്‍:ഞാന്‍ ഫാഷിസ്റ്റല്ല, നാസിയുടെ വിപരീതമാണ് ഞാനെന്ന് ട്രംപ്. തിങ്കളാഴ്ച ജോര്‍ജിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ അനുയായികളോടാണ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം.
മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന തന്റെ വിവാദ റാലിയെ പലരും അതേ വേദിയില്‍ 1939ല്‍ നടന്ന ഒരു നാസി അനുകൂല സമ്മേളനവുമായി താരതമ്യപ്പെടുത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു ട്രംപ്.
തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നവരെ കമലാ ഹാരിസ് നാസികള്‍ എന്ന് വിളിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. 'അവര്‍ക്ക് വോട്ട് ചെയ്യാത്തവര്‍ നാസികളാണെന്നതാണ് കമലയുടെയും ഏറ്റവും പുതിയ വാദം,' ട്രംപ് ജോര്‍ജിയയിലെ റാലിയില്‍ അനുയായികളോട് പറഞ്ഞു. എന്നാല്‍ കമല ഹാരിസ് ഇത്തരത്തില്‍ ഒരിക്കലും പറഞ്ഞിട്ടില്ല. വസ്തുത ഇതായിരിക്കെ ട്രംപ് കമലയ്ക്ക് എതിരെ ഇല്ലാക്കഥകളുണ്ടാക്കി അനുയായികളെ ആവേശഭരിതരാക്കാന്‍ ശ്രമിക്കുകയായിരുന്നു.
ട്രംപ് പ്രസിഡന്റായിരിക്കെ, അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ജനറലുകളെ പ്രശംസിച്ചിരുന്നതായി അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപിന്റെ 2017 മുതല്‍ 2019 വരെയുള്ള ചീഫ് ഓഫ് സ്റ്റാഫ് റിട്ടയേര്‍ഡ് മറൈന്‍ ജനറല്‍ ജോണ്‍ കെല്ലി ഇതു സാധൂകരിക്കുന്ന പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കമലാ ഹാരിസ് ട്രംപിനെ ഫാഷിസ്റ്റ് എന്നു വിശേഷിപ്പിച്ചിരുന്നു. തനിക്കു മാത്രമല്ല, ട്രംപിനെ നല്ലവണ്ണം അറിയുന്നവരെല്ലാം എല്ലാം അദ്ദേഹം ഒരു ഫാഷിസ്റ്റ് ആണെന്നു പറയും എന്ന് കമല പറഞ്ഞിരുന്നു.അതിനുള്ള മറുപടിയാണ് തിങ്കളാഴ്ച രാത്രി ജോര്‍ജിയയില്‍ വച്ച് ട്രംപ് അനുയായികളോട് പറഞ്ഞത്. ആളുകളെ ഒരിക്കലും നാസി, ഹിറ്റ്ലര്‍ എന്നിങ്ങനെ വിശേഷിപ്പിക്കരുതെന്ന് തന്റെ പിതാവ് തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് ട്രംപ് പറഞ്ഞു. ഈ രണ്ടു വാക്കുകളും ഡെമോക്രാറ്റുകള്‍ ഉപയോഗിക്കുന്നു. ''ഞാന്‍ നാസിയല്ല, കമലയാണ് ഫാഷിസ്റ്റ്..''എന്ന് ട്രംപ് പറഞ്ഞു.