/sathyam/media/media_files/2026/01/22/untitled-2026-01-22-14-17-27.jpg)
സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തുള്ള ലേക്ക് കാര്‍ഗെല്ലിഗോ എന്ന ചെറിയ നഗരത്തിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ചപ്രാദേശിക സമയം 4:40-ഓടെയായിരുന്നു സംഭവം. വെടിയേറ്റ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
വോക്കര്‍ സ്ട്രീറ്റിലെ ഒരു വിലാസത്തില്‍ വെടിവെയ്പ്പ് നടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുമ്പോള്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്.
വെടിയേറ്റ നാലാമത്തെ ആളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില നിലവില്‍ തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
വെടിവെയ്പ്പ് നടത്തിയ ആള്‍ക്കായി പോലീസ് വിപുലമായ തിരച്ചില്‍ ആരംഭിച്ചു. അക്രമി പിടിയിലാകാത്ത സാഹചര്യത്തില്‍ പ്രദേശം വളഞ്ഞ പോലീസ്, ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചു.
ലേക്ക് കാര്‍ഗെല്ലിഗോയിലെയും സമീപപ്രദേശങ്ങളിലെയും താമസക്കാര്‍ക്ക് മൊബൈല്‍ സന്ദേശങ്ങള്‍ വഴി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏകദേശം 1,500 ഓളം പേര്‍ താമസിക്കുന്ന ശാന്തമായ ഒരു കാര്‍ഷിക ഗ്രാമമാണ് ലേക്ക് കാര്‍ഗെല്ലിഗോ.
കഴിഞ്ഞ ഡിസംബര്‍ 14-ന് സിഡ്നിയില്‍ ഹനുക്ക ആഘോഷത്തിനിടെ വെടിയേറ്റ് മരിച്ച 15 പേരുടെ ഓര്‍മ്മയ്ക്കായി ഓസ്ട്രേലിയയില്‍ 'ദേശീയ ദുഃഖാചരണം' നടത്തുന്ന ദിവസമാണ് ഈ ദാരുണമായ സംഭവം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. വെടിവെയ്പ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us