/sathyam/media/media_files/2026/03/02/untitled-2026-03-02-11-36-56.jpg)
പാരിസ്: കോവിഡ് മഹാമാരിക്ക് ശേഷം ആഗോള വ്യോമയാന മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മധ്യേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ്, ദോഹ വിമാനത്താവളങ്ങള്‍ അടക്കം പൂട്ടിയതോടെ ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു.
ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചതിന് പിന്നാലെ ശനിയാഴ്ച ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കുവൈറ്റ് വിമാനത്താവളത്തിനും നേരെ ആക്രമണമുണ്ടായതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്.
സുരക്ഷ മുന്‍നിര്‍ത്തി ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, സിറിയ, കുവൈറ്റ്, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാതകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചു. ഇതോടെ ഈ മേഖലയിലൂടെയുള്ള സിവില്‍ വിമാനങ്ങളുടെ സഞ്ചാരം പൂര്‍ണ്ണമായും നിലച്ചു. ഞായറാഴ്ച മാത്രം ആഗോളതലത്തില്‍ 1,900 വിമാനങ്ങള്‍ റദ്ദാക്കുകയും 6,700-ലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തതായി 'ഫ്‌ലൈറ്റ് അവയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
എമിറേറ്റ്‌സ് (38%), എത്തിഹാദ് (30%), ഖത്തര്‍ എയര്‍വേയ്സ് (41%) എന്നിങ്ങനെ വിമാനങ്ങള്‍ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്സ് ദോഹയില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈജിപ്ത് എയര്‍, സിറിയ എയര്‍ എന്നിവയും ഗള്‍ഫ് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും മധ്യേഷ്യയിലെ എല്ലാ നഗരങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേയ്സ്, സ്വിസ് ഇന്റര്‍നാഷണല്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ടെല്‍ അവീവ്, ദുബായ്, ബെയ്‌റൂട്ട്, ടെഹ്റാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് ആദ്യവാരം വരെ റദ്ദാക്കി. അമേരിക്കന്‍ കമ്പനികളായ ഡെല്‍റ്റ, യുണൈറ്റഡ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയും സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, കാഥേ പസഫിക്, എത്യോപ്യന്‍ എയര്‍ലൈന്‍സ് തുടങ്ങിയവരും ഈ മേഖലയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us