പാക്ക് പ്രധാനമന്ത്രിയെ മാറ്റി നിർത്തി ഇന്ത്യൻ, റഷ്യൻ, ചൈനീസ് നേതാക്കൾ അടുത്തു നിന്നു സംസാരിക്കുന്ന ദൃശ്യങ്ങൾ വൈറലായി

New Update
Hddnn

ഇന്ത്യൻ, റഷ്യൻ, ചൈനീസ് നേതാക്കൾ അടുത്തു നിന്നു സംസാരിക്കുന്നതും പാക്ക് പ്രധാനമന്ത്രി അടുക്കാൻ കഴിയാതെ കാഴ്ചക്കാരനായി മാറി നിൽക്കുന്നതും ചൈനയിലെ ടിയാൻജിന്നിൽ നടന്ന ഷാങ്ങ്ഹായ് സഹകരണ ഉച്ചകോടിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ റഷ്യ അതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടു.

Advertisment

"ഇന്നത്തെ വീഡിയോ" എന്നു റഷ്യൻ വിദേശകാര്യ വകുപ്പ് വിളിച്ച ദൃശ്യങ്ങൾ എക്‌സ് ഉൾപ്പെടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

നരേന്ദ്ര മോദിയും വ്ലാദിമിർ പുട്ടിനും ഷി ജിൻ പിങ്ങും ഒന്നിച്ചു നടക്കുന്നതും സംസാരിച്ചു ചിരിക്കുന്നതും ലളിതമായ സംഭാഷണത്തിൽ ഏർപ്പെടുന്നതും വിഡിയോയിൽ കാണാം. അപ്പോൾ കുറച്ചകലെ ഷെഹ്ബാസ് ഷെരീഫ് മാറി ഒറ്റയ്ക്കു നിൽപ്പുണ്ട്.

ആ നിമിഷങ്ങൾ എക്‌സിൽ പങ്കുവച്ച മോദി കുറിച്ചു: "ടിയാൻജിന്നിൽ കൂടിക്കാഴ്ചകൾ തുടരുന്നു! പ്രസിഡന്റ് പുട്ടിനും പ്രസിഡന്റ് ഷിയുമായി എസ് സി ഓ ഉച്ചകോടിയിൽ ആശയങ്ങൾ കൈമാറുന്നു."

പുട്ടിനുമായുള്ള ആശ്ലേഷത്തിന്റെ ചിത്രങ്ങളും മോദി പങ്കുവച്ചു.

അതേ സമയം, ചൈനയുടെ വിവാദമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ അനുകൂലിക്കുന്നില്ല എന്ന് ഉച്ചകോടിയിൽ വ്യക്തമാക്കിയ ഏക രാജ്യമായി ഇന്ത്യ. മറ്റെല്ലാ രാജ്യങ്ങളും പദ്ധതിക്ക് പിന്തുണ നൽകുന്നതായി ടിയാൻജിൻ പ്രഖ്യാപനത്തിൽ പറഞ്ഞു.

മുൻ ഉച്ചകോടികളിലും ഇന്ത്യ പദ്ധതിയെ അനുകൂലിച്ചിട്ടില്ല. അതിർത്തി കടന്നുവരുന്ന ഭീകരതയെ എതിർക്കുന്ന പ്രഖ്യാപനത്തിലെ നിലപാട് പാക്കിസ്ഥാനു ക്ഷീണമായെന്നും നിരീക്ഷകർ കരുതുന്നു.

Advertisment