നെതർലൻഡ്സ് : നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ഡ്രൈസ് വാൻ ആഗ്റ്റും ഭാര്യ യുജെനി വാൻ അഗ്റ്റും 93ാം വയസ്സിൽ ദയാവധം വരിച്ചു. കൈകോർത്ത് പിടിച്ചാണ് ഇരുവരും മരണത്തെ പുൽകിയത്. ഒരേ പ്രായക്കാരായ ഇവരെ കോളജ് കാലത്തെ ബന്ധമാണ് ഒന്നിപ്പിച്ചത്.
70 വർഷമായി ഒന്നിച്ചുണ്ടായിരുന്ന ഡ്രൈസ് വാനിനും യുജെനിക്കും മരണത്തിനും തങ്ങളെ വേർപെടുത്താൻ കഴിയരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. നിജ്മെഗൻ എന്ന നെതർലാൻഡ്സിലെ കിഴക്കൻ നഗരത്തിൽ ഇവരുടെ സംസ്കാര ചടങ്ങ് നടന്നു. 1977 മുതൽ 1982 വരെയാണ് ഡ്രൈസ് പ്രധാനമന്ത്രിസ്ഥാനത്തിരുന്നത്.
ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച ഡ്രൈസ് വാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2019ൽ ഫലസ്തീൻ അനുകൂല പ്രസംഗത്തിനിടെ മസ്തിഷ്ക രക്തസ്രാവം അനുഭവപ്പെട്ട അദ്ദേഹം പിന്നീട് രോഗമുക്തനായില്ല. 2002 മുതൽ നെതർലൻഡ്സിൽ ദയാവധം അനുവദനീയമാണ്.