/sathyam/media/media_files/2025/09/11/france-protest-2025-09-11-17-21-53.jpg)
പാരിസ്: ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അധികാരമേറ്റെടുത്തതിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായി. പ്രതിഷേധക്കാർ റോഡുകൾ തടയുകയും തീയിടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാർക്ക് നേരെ പോലീസുകാർ കണ്ണീർവാതകം പ്രയോഗിച്ചു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് 473 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെതിരെ പ്രതിഷേധം കനത്തതോടെ രാജ്യവ്യാപകമായി 80,000 പോലീസിനെ വിന്യസിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കമ്മി കുറയ്ക്കാനുള്ള തന്റെ ജനപ്രീതിയില്ലാത്ത പദ്ധതിയെത്തുടർന്ന് പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട ഫ്രാങ്കോയിസ് ബെയ്‌റൂവിന് പകരക്കാരനായാണ് മുൻ പ്രതിരോധ മന്ത്രിയായിരുന്ന ലെകോർനു പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. മാത്രമല്ല, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ വിശ്വസ്ഥനും കൂടിയാണ് ലെകോർനു. ഇതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇടതുപക്ഷ പ്രാതിനിധ്യം ഉൾപ്പെടുത്താത്ത മാക്രോണിന്റെ കീഴിലുള്ള തുടർച്ചയായ സർക്കാരുകളിൽ വിശ്വാസമില്ലാതെയായെന്ന് പ്രതിഷേധക്കാർ ആവർത്തിച്ചു.