ഗാസ: ഗാസയിലെ ദേര്‍ അല്‍-ബലാഹിലെ ഒരു മെഡിക്കല്‍ കേന്ദ്രത്തിന് സമീപം ചികിത്സയ്ക്കായി കാത്തുനിന്ന 10 കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ ഇസ്രയേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ആള്‍ക്കൂട്ടം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്കായി വരിയില്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ആശുപത്രി അധികൃതര്‍ സംഭവം സ്ഥിരീകരിച്ചു. മരണപ്പെട്ടവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു.
ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ എട്ടു കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.
അല്‍-അക്‌സാ മാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ദൃശ്യങ്ങളില്‍, നിരവധി കുട്ടികളുടെ മൃതദേഹങ്ങള്‍ നിലത്ത് കിടക്കുന്നതും, ആശുപത്രി ജീവനക്കാര്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതും കാണാം. ഒരു പെണ്‍കുട്ടിയും അമ്മയും സംഭവത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.
ഇസ്രയേല്‍ സൈന്യം ഈ ആക്രമണം ഒരു 'ഹമാസ് ഭീകരനെ' ലക്ഷ്യമിട്ട് നടത്തിയതാണെന്ന് വിശദീകരിച്ചു. നിരപരാധികള്‍ക്ക് സംഭവിച്ച ഹാനി സംബന്ധിച്ച് അവര്‍ ദുഃഖം രേഖപ്പെടുത്തി; സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.
ഈ സംഭവത്തോടൊപ്പം, വ്യാഴാഴ്ച മാത്രം ഗസയില്‍ വിവിധിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 67 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.