ഗസ്സ സിറ്റി: ഭക്ഷ്യ വിതരണത്തിന് ഗസ്സയിലുണ്ടായിരുന്ന 400ഓളം കേന്ദ്രങ്ങളും അടച്ചുപൂട്ടി പകരം യു.എസ് പിന്തുണയോടെ തുറന്ന നാല് കേന്ദ്രങ്ങളിലും ഓരോ ദിനവും നൂറുകണക്കിന് കൊലചെയ്ത് ഇസ്രായേൽ.
ദിവസങ്ങൾക്കിടെ ഇവിടങ്ങളിൽ ഭക്ഷണം കാത്തുനിന്ന 613 പേരെ ഇസ്രായേൽ സേന കൊലപ്പെടുത്തിയതായി യു.എൻ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു.
ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന പേരിൽ തുറന്ന കേന്ദ്രങ്ങളിലാണ് ഇസ്രായേൽ സൈന്യം വരിനിൽക്കുന്നവരെ ലക്ഷ്യമിടുന്നത്. ജൂൺ 27 വരെയുള്ള കണക്കുകൾ പ്രകാരം നാലു കേന്ദ്രങ്ങളിലായി 613 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച രാത്രി റഫയിലെയും ഖാൻ യൂനിസിലെയും ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കാത്തുനിന്നവർക്കുനേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 62 പേർ കൊല്ലപ്പെട്ടു. 300ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സയിൽ വംശഹത്യക്കിരയായ ഫലസ്തീനികളുടെ എണ്ണം 57,000 പിന്നിട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
57,268 പേരുടെ മരണം സ്ഥിരീകരിച്ചതിനൊപ്പം 135,625 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 24 മണിക്കൂറിനിടെ 138 മൃതദേഹങ്ങളാണ് വിവിധ ആശുപത്രികളിലെത്തിച്ചത്. 452 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഖാൻ യൂനുസിൽ അഭയാർഥികൾ കഴിഞ്ഞ തമ്പിനുമേൽ ഇസ്രായേൽ ബോംബിങ്ങിൽ കുട്ടിയടക്കം ഏഴുപേർ കൊല്ലപ്പെട്ടു.