ഗാസ സിറ്റി: ഗാസ വെടിനിർത്തലിന്റെ രണ്ടാം ഘട്ട ചർച്ചകൾ ഇന്ന് ആരംഭിക്കും. ചർച്ചകൾ നടക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് സ്ഥിരീകരിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫുമായി നെതന്യാഹു ശനിയാഴ്ച വൈകുന്നേരം സംസാരിച്ചിരുന്നു. കരാറിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറുമായും ഈജിപ്തുമായും ചർച്ചകൾ നടത്തി.
ബാക്കിയുളള ബന്ദികളെ മോചിപ്പിക്കാനും വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടാനും രണ്ടാം ഘട്ട ചർച്ചയിൽ തീരുമാനം കൈകൊള്ളും എന്നാണ് സൂചന. ഒരു കരാറിൽ എത്തിയില്ലെങ്കിൽ മാർച്ച് ആദ്യം യുദ്ധം പുനരാരംഭിക്കും.
അതേസമയം ബെഞ്ചമിൻ നെതന്യാഹു നാളെ ട്രംപുമായി കൂടിക്കാഴ്ച നടത്തും. നാലാം ഘട്ട കൈമാറ്റത്തിൽ ഗാസ മുനമ്പിൽ ബന്ദികളാക്കിയ മൂന്ന് പേരെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചു.