ഗാസയില്‍ വെടിനിര്‍ത്തല്‍ ധാരണയെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ഇസ്രയേല്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gyt6trytgu
ജറൂസലം: അമെരിക്കയുടെ മധ്യസ്ഥതയില്‍ ഗാസയില്‍ വെടിനിര്‍ത്തലിനു ധാരണയായതായി വാഷിങ്ടണ്‍ പോസ്ററ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഇസ്രയേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹുവും വൈറ്റ് ഹൗസും രംഗത്തെത്തി. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇതുവരെ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിയാന്‍ വാട്സണ്‍ വ്യക്തമാക്കി.

ഇസ്രയേല്‍ അഞ്ച് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍, ബന്ദികളാക്കപ്പെട്ട അമ്പതോളം പേരെ ഹമാസ് മോചിപ്പിക്കുമെന്നാണു ധാരണയെന്നു വാഷിങ്ടണ്‍ പോസ്ററിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറിയ സംഘങ്ങളായി ഓരോ ഇരുപത്തിനാലു മണിക്കൂറിലും ബന്ദികളെ മോചിപ്പിക്കുമെന്നാണ് ആറ് പേജുള്ള എഗ്രിമെന്‍റില്‍ പറയുന്നത്. അതോടൊപ്പം ഇന്ധനമടക്കമുള്ള സഹായങ്ങളും ഗാസയില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെടും, വാഷിങ്ടണ്‍ പോസ്ററ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ ഇസ്രയേല്‍ പ്രസിഡന്‍റ് പൂര്‍ണമായും നിഷേധിച്ചു. ബന്ദികളെക്കുറിച്ചും അവരുടെ മോചനത്തെക്കുറിച്ചും ധാരാളം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും, ഇതുവരെ ഹമാസുമായി ധാരണയില്‍ എത്തിയിട്ടില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.

ഹമാസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യുകയാണു ലക്ഷ്യം. ഇതിനോടകം തന്നെ നിരവധി ഹമാസ് പ്രവര്‍ത്തകരെ വധിച്ചു. ഗാസയിലെ പല മേഖലകളിലും ആക്രമണം തുടരുകയാണ്, നെതന്യാഹു വ്യക്തമാക്കി. അതേസമയം അന്താരാഷ്ട്ര തലത്തില്‍ തന്നെ നെതന്യാഹുവില്‍ സമര്‍ദമേറുന്നുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും കൂടുതല്‍ സഹായങ്ങള്‍ ഗാസയിലേക്ക് എത്തിക്കണമെന്നും ആവശ്യമുയരുന്നു.
isreal gasa
Advertisment