'ബന്ദികളെ മോചിപ്പിക്കാം, ഭരണം കൈമാറാം'. ട്രംപിന്റെ സമാധാന പദ്ധതിയില്‍ ഹമാസ്

ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ 20 ഇന പദ്ധതിയാണ് ട്രംപ് മുന്നോട്ട് വച്ചത്

New Update
trump

ഗാസ സിറ്റി: ഗാസയിലെ വെടിനില്‍ത്തലിനായുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വച്ച പദ്ധതി അംഗീകരിച്ച് ഹമാസ്. 

Advertisment

ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുക, പലസ്തീന്റെ ഭരണം വിദഗ്ധരുള്‍പ്പെട്ട സമിതിക്ക് കൈമാറുക തുടങ്ങി ട്രംപ് മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ പദ്ധതികളുടെ പ്രധാന ഘടകങ്ങള്‍ ഹമാസ് അംഗീകരിച്ചു. 

എന്നാല്‍ സായുധ സംഘടനയുടെ നിരായുധീകരണം ഉള്‍പ്പെടെയുള്ള മറ്റ് നിര്‍ദേശങ്ങളിലെ ഹമാസ് നിലപാട് അറിയിട്ടില്ല. എന്നാല്‍ തുടര്‍ നടപടികളില്‍ മധ്യസ്ഥര്‍ വഴിയുള്ള ചര്‍ച്ചകള്‍ തുടരാമെന്നും ഹമാസ് വ്യക്തമാക്കുന്നു.
‌‌
ഹമാസിന്റെ നിലപാടിനെ ട്രംപ് സ്വാഗതം ചെയ്തു. പുതിയ നിലപാടിനെ പ്രശംസിച്ച ട്രംപ് പശ്ചിമേഷ്യയ്ക്ക് പ്രത്യേകതയുള്ള ദിനം എന്നും പ്രതികരിച്ചു. ഹമാസ് 'സമാധാനത്തിന് തയ്യാറാണ്' എന്ന് വിശ്വസിക്കുന്നു. 

ഈ സാഹചര്യത്തില്‍ ഗാസയില്‍ നടത്തുന്ന ആക്രമണം 'ഉടനടി' നിര്‍ത്താന്‍ ഇസ്രയേല്‍ തയ്യാറാകണം എന്നും ട്രംപ് ആവശ്യപ്പെട്ടു.

ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ 20 ഇന പദ്ധതിയാണ് ട്രംപ് മുന്നോട്ട് വച്ചത്. യുഎസ് സമയം ഞായറാഴ്ച വൈകിട്ട് ആറ് മണിക്കകം ഇരുപതിന പദ്ധതിയില്‍ നിലപാട് അറിയിക്കണം എന്നും ട്രംപ് ഹമാസിന് അന്ത്യ ശാസനം നല്‍കിയിരുന്നു. 

ഹമാസിനുള്ള അവസാന അവസരം എന്ന് താക്കീതോടെയായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് പശ്ചിമേഷ്യയില്‍ സമാധാനം വരും. പശ്ചിമേഷ്യയിലെ എല്ലാ മുന്‍ നിര രാജ്യങ്ങളും പദ്ധതി അംഗീകരിച്ചു കഴിഞ്ഞുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Advertisment