ജറൂസലം: ഗാസ വെടിനിര്‍ത്തല്‍, ബന്ധി മോചന ചര്‍ച്ച വളരെ ഗൗരവത്തിലാണ് നടക്കുന്നതെന്നും ആഴ്ചകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്നും യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി. ഐ. എ തലവന്‍ വില്ല്യം ബേണ്‍സ്. നാഷനല്‍ പബ്ലിക് റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് വില്ല്യംസ് ഇക്കാര്യം പറഞ്ഞത്.
ഗാസ മുനമ്പിലെ പാലസ്തീനികളും ബന്ദികളും ദുരിത സാഹചര്യത്തില്‍ കഴിയുന്നതിനാല്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു. എസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലാവധി കഴിയും മുമ്പ് വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചു.
വെടിനിര്‍ത്തല്‍ കരാറിനായി ബൈഡന്‍ ഭരണകൂടം കഠിനശ്രമം നടത്തുന്നുണ്ടെന്നും നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സഹകരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.