ഗാസ: ഇന്ത്യയിലെ പാർലെ-ജി ബിസ്‌ക്കറ്റുകൾക്ക് ഗാസയിലെ വില 2300 രൂപ. ക്ഷാമത്തിന്റെയും പട്ടിണിയുടെയും വക്കില്‍ എത്തിയ ഒരു ജനതയുടെ വിശപ്പടക്കുന്ന ആഡംബര ഭക്ഷണമായിരിക്കുകയാണ് പാർലെ-ജി ബിസ്‌ക്കറ്റുകൾ.
ഗാസയിൽ താമസിക്കുന്ന പലസ്തീൻകാരനായ മുഹമ്മദ് ജവാദ് പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് യുദ്ധകാല ക്ഷാമത്തിന്റെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളെയാണ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.
രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധി അനുഭവിക്കുന്ന ഒരു പ്രദേശത്ത് അപൂർവമായി മാത്രം ലഭിക്കുന്ന പാർലെ-ജി ബിസ്‌ക്കറ്റിന്റെ ഒരു പായ്ക്ക് കൈയിലേന്തി നിൽക്കുന്ന അദ്ദേഹത്തിന്റെ ഇളയ മകൾ റാഫിഫിനെ വീഡിയോയിൽ കാണാം.
ഇന്ത്യൻ വിപണികളിൽ 5 രൂപയിൽ താഴെയും അന്താരാഷ്ട്ര പലചരക്ക് കടകളിൽ ഏകദേശം 100 രൂപയും വിലയുള്ള പാക്കറ്റിന് 24 യൂറോയിൽ കൂടുതൽ (ഏകദേശം 2,342 രൂപ) നൽകിയതായി ജവാദ് വെളിപ്പെടുത്തി.
‘നീണ്ട കാത്തിരിപ്പിന് ശേഷം റാഫിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റ് ലഭിച്ചു. ബിസ്‌ക്കറ്റിന്റെ പൈസ 146 രൂപയില്‍ നിന്ന് 2342 രൂപയായി ഉയര്‍ന്നു. പക്ഷെ റാഫിഫിന് ഇഷ്ടപ്പെട്ട ട്രീറ്റ് നിഷേധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.’ ജാവദ് എഴുതുന്നു.
നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധി ഇന്ത്യൻ ഉപയോക്താക്കൾ സഹായത്തിനായി സർക്കാർ ഉദ്യോഗസ്ഥരെയും പാർലെ കമ്പനിയെയും ടാഗ് ചെയ്തു.
സാധാരണക്കാര്‍ക്ക് എല്ലായ്‌പ്പോഴും താങ്ങായിട്ടുള്ള പാര്‍ലെ-ജി ബിസ്‌ക്കറ്റിന് ഇത്രയേറെ വില വര്‍ധിപ്പിച്ചത് പലര്‍ക്കും ഉള്‍ക്കൊള്ളാനുമായിട്ടില്ല.
5 രൂപ വിലയുള്ള പാര്‍ലെ-ജി 2,500 രൂപയ്ക്ക് വില്‍ക്കുന്നു. നിരപരാധികളുടെ ദുരിതം ചൂഷണം ചെയ്യുന്ന, പ്രതിരോധം എന്ന് വിളിക്കപ്പെടുന്നതിന്റെ യഥാര്‍ത്ഥ മുഖമാണിത്.’ ഒരാള്‍ കുറിച്ചു.
കഴിഞ്ഞ മാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടികളും പ്രായമായവരുമായ 29 പേരുടെയെങ്കിലും പട്ടിണി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി പലസ്തീൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.