/sathyam/media/media_files/2025/09/27/gaza-2025-09-27-15-32-47.jpg)
ജിദ്ദ: ​ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി മേഖലയിലെ രാജ്യങ്ങളുമായി നടത്തുന്ന ഫലപ്രദമായ ചർച്ചകൾ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി.
"​ഗാസയെക്കുറിച്ച് മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളുമായി ഞങ്ങൾ വളരെ പ്രചോദനാത്മകവും ഫലപ്രദവുമായ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നാല് ദിവസം മുമ്പ് ആഴത്തിലുള്ള ചർച്ചകൾ ഇക്കാര്യത്തിൽ ആരംഭിച്ചു. വിജയകരവും സമഗ്രവുമായ ഒരു കരാറിലെത്തും വരെ ചർച്ച തുടരുകയും ചെയ്യും": ആവശ്യമായിടത്തോളം കാലം തുടരും."വെള്ളിയാഴ്ച ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി
മേഖലയിലെ എല്ലാ രാജ്യങ്ങളും ഈ ചർച്ചകളിൽ പങ്കാളികളാണെന്നും ഇസ്രായേലും ഹമാസും ചർച്ചകളെക്കുറിച്ച് ബോധവാന്മാരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
" മരണത്തിന്റെയും ഇരുട്ടിന്റെയും യുഗത്തിന് അറുതി വരുത്തുന്ന ഒരു കരാറിലെത്താനുള്ള ആവേശവും സൗഹാർദ്ദ അന്തരീക്ഷവും ഒരു പരിധിവരെ നിലവിലുണ്ട്. ഈ ചർച്ചകളുടെ ഭാഗമാകുന്നത് ഒരു ബഹുമതിയാണ്": അമേരിക്കൻ പ്രസിഡണ്ട് തുടർന്നു.
ബന്ദികളെ തിരിച്ചു നൽകുകയും ശാശ്വതവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുകയുമാണ് വേണ്ടതെന്ന് പറഞ്ഞു കൊണ്ടാണ് ട്രംപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ട്രംപിന്റെ ​ഗാസ സമാധാന പദ്ധതിയിലൂടെ:
ഈ ആഴ്ച ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ലോക നേതാക്കൾ ഒത്തുകൂടിയ വേളയിലാണ് ​ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 21 പോയിന്റ് മിഡിൽ ഈസ്റ്റ് സമാധാന പദ്ധതി അമേരിക്ക അവതരിപ്പിച്ചത്.
21 പോയിന്റുകൾ ഉൾപ്പെട്ടതാണ് ട്രംപിന്റെ ​ഗാസ സമാധാന പദ്ധതി. ഇക്കാര്യത്തിൽ അറബ് - മുസ്ലിം ഭരണാധികാരികളെ കണ്ട് പ്രത്യേകമായി ട്രംപ് ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഏതു അവസ്ഥയിലും ഇസ്രായിലിന്റെ ഉറ്റ സുഹൃത്തും സഹായിയും ആയ ട്രംപിന്റെ പദ്ധതി അറബ് - മുസ്ലിം ഭരണാധികാരികൾ ആരെങ്കിലും എതിർത്തതായി വാർത്ത ഉണ്ടായിരുന്നുമില്ല.
ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ​ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ദീർഘകാല തടവ് അനുഭവിക്കുന്ന 100 നും 200 നും ഇടയിൽ പലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.
പലസ്തീൻ പ്രതിരോധ വിഭാഗമായ ഹമാസ് ​ഗാസയിൽ നിന്ന് പിന്മാറണം. ഹമാസ് ആയുധം താഴെ വെക്കണം. അതിന് പകരമായി ഹമാസ് ഭടന്മാർക്ക് പൊതുമാപ്പ് നൽകുകയും ചെയ്യും. ഇങ്ങനെ പോകുന്നു ഇസ്രായേൽ ഇതുവരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലാത്ത ട്രംപിന്റെ സമാധാന പദ്ധ്തി.
ഗാസയിലെ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ അടച്ചുപൂട്ടണം. പകരം ,ഐക്യരാഷ്ട്രസഭയുടെയും രാജ്യാന്തര സംഘടനകളുടെയും മേൽനോട്ടത്തിൽ അനിയന്ത്രിതമായ മാനുഷിക സഹായം ​ഗാസയിൽ ഉടനെ എത്തിക്കുമെന്നും പദ്ധതി പറയുന്നു.
​ഗാസയിൽ നിന്ന് ഇസ്രായേൽ പൂർണമായി പിന്മാറണം, എന്നാൽ ഇത് ക്രമേണയായി മതി.
​ഗാസ പുനർനിർമിക്കാൻ ഒരു രാജ്യാന്തര സഖ്യം ഉണ്ടാക്കും. അഞ്ച് വർഷത്തിനുള്ളിലായിരിക്കും പുനർനിർമ്മാണം. അതോടൊപ്പം, ഗസ്സയുടെ ഭരണംA ഹാമാസിന് പകരം അറബ് - രാജ്യാന്തര മേൽനോട്ടത്തിൽ ആയിരിക്കും, അതിനായി ഒരു പലസ്തീൻ സുരക്ഷാ സേനയും രൂപീകരിക്കും.
മഹമൂദ് അബ്ബാസിന്റെ ഫലസ്തീൻ അതോറിറ്റി വഴി ​ഗാസ മുനമ്പിന്റെ ഭരണം കൈകാര്യം ചെയ്യുന്നതിനായി ഒരു പലസ്തീൻ കമ്മിറ്റി രൂപീകരിക്കുക, താത്കാലികമായി ഒരു അറബ് - രാജ്യാന്തര സംവിധാനം ഏർപ്പെടുത്തുക എന്നിവയും ട്രംപ് മുന്നോട്ട് വെക്കുന്നു,
വെസ്റ്റ് ബാങ്ക് ഇസ്രായേൽ പിടിച്ചെടുക്കരുതെന്നും അമേരിക്കൻ പദ്ധതി സൂചിപ്പിച്ചു.