നേപ്പാളിൽ വീണ്ടും 'ജെൻ സി' പ്രതിഷേധം; വിവിധയിടങ്ങളിൽ കർഫ്യൂ. സംഘർഷത്തെ തുടർന്ന് സിമാര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

ബാര ജില്ലയിലെ സിമാര ചൗക്കിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

New Update
Untitled

കാഠ്മണ്ഡു: നേപ്പാളിൽ 'ജെൻ സി' പ്രതിഷേധങ്ങൾ വീണ്ടും രൂക്ഷമായതിനെ തുടർന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി.

Advertisment

ബാര ജില്ലയിലെ സിമാര ചൗക്കിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിടുകയും കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.


സിമാര വിമാനത്താവളത്തിന് സമീപത്തും വലിയ സംഘർഷാവസ്ഥയുണ്ടായി.

 പ്രക്ഷോഭകരെ പിരിച്ചുവിടാനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന് സിമാര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

സിമാരയിൽ ഉച്ചയോടെയാണ് കർഫ്യൂ പ്രഖ്യാപിച്ചത്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെ അനുകൂലിക്കുന്നവരും ജെൻ സി പ്രക്ഷോഭകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. 

സംഘർഷങ്ങൾ സംബന്ധിച്ച് ജെൻ സി പ്രതിഷേധക്കാർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും, പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പ്രക്ഷോഭകരുടെ ആരോപണം.

ബുധനാഴ്ച വീണ്ടും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ നിരവധി ജെൻ സി പ്രവർത്തകർക്ക് പരിക്കേറ്റതായും കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

 അടുത്ത വർഷം മാർച്ച് 5-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി യുഎംഎൽ (യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്) നേതാക്കൾ ജില്ലയിലേക്ക് വരാൻ പദ്ധതിയിട്ടതിനെത്തുടർന്നാണ് ബുധനാഴ്ച മുതൽ സംഘർഷം രൂക്ഷമായത്.


76 പേരുടെ മരണത്തിനിടയാക്കിയ സെപ്റ്റംബറിലെ ജെൻ സി പ്രക്ഷോഭത്തിന് ശേഷം ഏകദേശം രണ്ടു മാസത്തിനു ശേഷമാണ് രാജ്യത്ത് വീണ്ടും സംഘർഷം രൂക്ഷമാകുന്നത്.

പ്രക്ഷോഭങ്ങളെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രിയും യുഎംഎൽ ചെയർമാനുമായിരുന്ന കെ.പി ഒലിക്ക് രാജിവെക്കേണ്ടിവന്നു.

ഒലി സർക്കാരിന്റെ പതനത്തിനു പിന്നാലെ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 12-ന് പുതിയ സർക്കാർ രൂപീകരിക്കുകയായിരുന്നു.

Advertisment