ബർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 29 കാരനായ ജർമൻ യുവാവാണു കൊല്ലപ്പെട്ടത്.
പ്രതിയെന്നു സംശയിക്കുന്ന 43 വയസ് തോന്നിക്കുന്ന സിറിയൻ അഭയാർഥിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. ഭൂഗർഭ സ്റ്റേഷനിലായിരുന്നു സംഭവം.
വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ കറിക്കത്തികൊണ്ട് മൂന്നു തവണ കുത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ കുഴഞ്ഞുവീണ് മരിച്ചു.
സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.
സംഭവം ഭീകരാക്രമണമല്ലെന്നും ഇരുവരെയും അറിയാമെന്നും നിയമപാലകരെ ആക്രമിച്ച കേസുൾപ്പെടെ വിവിധ കേസുകളിൽ മുന്പ് പ്രതികളാണെന്നും പോലീസ് അറിയിച്ചു.