മോസ്‌കോ: 2007-ലെ ഒരു മീറ്റിംഗില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിനെ ഭീഷണിപ്പെടുത്താന്‍ തന്റെ കറുത്ത ലാബ്രഡോര്‍ കോനിയെ ഉപയോഗിച്ചുവെന്ന ആരോപണം നിഷേധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.
മെര്‍ക്കല്‍ തന്റെ പുതിയ ഓര്‍മ്മക്കുറിപ്പായ ഫ്രീഡത്തിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പുടിന്‍ ചിലപ്പോള്‍ തന്റെ വളര്‍ത്തുമൃഗത്തെ വിദേശ അതിഥികളുമായുള്ള മീറ്റിംഗുകള്‍ക്ക് കൊണ്ടുവരുമെന്ന് അറിയാമായിരുന്നുവെന്നും താന്‍ നായ്ക്കളെ ഭയപ്പെടുന്നതിനാല്‍ കോനിയെ തന്റെ സാന്നിധ്യത്തില്‍ കൊണ്ടു വരരുതെന്ന് പുടിന്റെ സംഘത്തോട് പറയണമെന്ന് തന്റെ ഒരു സഹായിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും മെര്‍ക്കല്‍ പറയുന്നു.
2006ല്‍ മോസ്‌കോയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ പുടിന്‍ ഈ അഭ്യര്‍ത്ഥന മാനിച്ചുവെങ്കിലും കടിക്കില്ലെന്ന് പറഞ്ഞ് ഒരു വലിയ പട്ടിയെ തനിക്ക് സമീപം നിര്‍ത്തി.
എന്നാല്‍ തൊട്ടടുത്ത വര്‍ഷം സോച്ചിയില്‍ നടന്ന മീറ്റിംഗില്‍ ഒരു വലിയ നായ മുറിയില്‍ അലഞ്ഞുതിരിഞ്ഞ് മെര്‍ക്കലിന്റെ അടുത്തേക്ക് വന്നു. ആ സമയം താന്‍ ഭയന്ന് ഫോട്ടോഗ്രാഫര്‍മാര്‍ക്കും ടിവി ക്യാമറകള്‍ക്കും മുന്നില്‍ പുടിനൊപ്പം ഇരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഈ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, മെര്‍ക്കലിന്റെ ഭയത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നില്ലെന്ന് പുടിന്‍ അവകാശപ്പെട്ടു. വിഷയത്തില്‍ പിന്നീട് താന്‍ അവരോട് മാപ്പ് പറഞ്ഞതായും പുടിന്‍ പറഞ്ഞു.
ഞാന്‍ മെര്‍ക്കലിനോട് മാപ്പ് പറഞ്ഞു, സത്യം പറഞ്ഞാല്‍ അവര്‍ നായ്ക്കളെ ഭയപ്പെടുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ ഞാനത് ഒരിക്കലും ചെയ്യുമായിരുന്നില്ല. നേരെമറിച്ച്, ശാന്തവും സുഖകരവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു, അദ്ദേഹം ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.