എസ്എംവൈഎം ജർമനിയുടെ ആഭിമുഖ്യത്തിൽ ആദ്യത്തെ നാഷണൽ യൂത്ത് കോൺഫറൻസ് 'എഡബ്ല്യുഎകെഇ ജർമനി 2024' ഓഗസ്റ്റ് 16 മുതൽ 18 വരെ കൊളോൺ ലീബ്ഫ്രാവെൻ പള്ളിയിൽ നടത്തി

New Update
smym germany

കൊളോണ്‍: ജർമനിയിലെ സിറോ മലബാർ യുവജനസംഘടനയായ എസ്എംവൈഎം ജർമനിയുടെ ആഭിമുഖ്യത്തിൽ ആദ്യത്തെ നാഷണൽ യൂത്ത് കോൺഫറൻസ് ആയ എഡബ്ല്യുഎകെഇ ജർമനി 2024 ഓഗസ്റ്റ് 16 മുതൽ 18 വരെ കൊളോൺ ലീബ്ഫ്രാവെൻ പള്ളിയിൽ വെച്ച് സിറോ മലബാർ കമ്മ്യൂണിറ്റിയുമായി ചേർന്ന് നടത്തപ്പെട്ടു. 

Advertisment

16 -ാം തീയതി വെള്ളിയാഴ്ച യൂറോപ്പ് അപ്പസ്തോലിക വിസിറ്റേറ്റർ അഭിവന്ദ്യ സ്റ്റീഫൻ ചിറപ്പണത്തു പിതാവ് തിരി തെളിച്ചു ഉത്‌ഘാടനം നിർവഹിച്ചു. യൂറോപ്പ് യൂത്ത് ഡയറക്ടർ ബഹു. ഫാദർ  ബിനോജ് മുളവരിക്കൽ ആണ് ഈ കോൺഫെറെൻസിനു നേതൃത്വം നൽകിയത്.

ജര്‍മനിയിലെ സിറോ മലബാർ കമ്യൂണിറ്റിയുടെ കോർഡിനേറ്ററും എസ്എംവൈഎം ജർമനിയുടെ ചാപ്ലൈനും ആയ ഫാദർ ഇഗ്‌നേഷന്സ് ചാലിശ്ശേരി ആണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എഴുത്തുകാരനും മോട്ടിവേഷണൽ സ്‌പീക്കറും ആയ ജോസഫ് അന്നംക്കുട്ടി ജോസ് ആയിരുന്നു മുഖ്യാഥിതി.

ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ഓളം യുവജനങ്ങൾ കൊളോണിൽ താമസിച്ചു ഇതിൽ പങ്കെടുത്തു. കൂടാതെ 32 സിസ്റേഴ്സും നിരവധി വൈദികരും അവരുടെ സാന്നിധ്യം കൊണ്ട് ഈ പരിപാടിയെ അനുഗ്രഹീതമാക്കി. വെള്ളിയാഴ്ച യുവജനങ്ങൾക്കായി കൗൺസിലിംഗ്‌ ഏർപ്പെടുത്തിയിരുന്നു. കൂടാതെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ കലാപരിപാടികളും ഉച്ചക്ക് ശേഷം നടത്തപ്പെട്ടു.

smym germany-2

ശനിയാഴ്ച യുവജനങ്ങൾക്ക് പുറമേ യുവകുടുംബങ്ങളിൽ നിന്നും ഏകദേശം 170 ഓളം അംഗങ്ങൾ പങ്കെടുത്തു. ഇതിൽ ഏകദേശം 50 ഓളം കുട്ടികളും ഉണ്ടായിരുന്നു. ശനിയാഴ്ച അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ 11 വൈദീകർ സമൂഹബലി അർപ്പിച്ചു പ്രാർത്ഥിച്ചു. വിശുദ്ധ കുർബാനയും കുമ്പസാരവും അതോടൊപ്പം ആരാധനയും മൂന്നു ദിവസങ്ങളിൽ ഉണ്ടായിരുന്നു. ശനിയാഴ്ച നടത്തപ്പെട്ട ആരാധനയും കൈവെപ്പു ശുശ്രുഷയും വലിയ ഒരു അഭിഷേകം തന്നെ ആയിരുന്നു.

നർമ്മത്തിൽ ചാലിച്ച ജോസഫ് അന്നംക്കുട്ടി ജോസിന്റെ ടോക്കുകൾ യുവജനങ്ങൾക്ക് ഏറെ ഉൾകാഴ്ച നൽകുന്നത് ആയിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞു നടത്തപ്പെട്ട പാനൽ ചർച്ചയും ഏറെ ശ്രദ്ധ ആകർഷിക്കുന്നത് ആയിരുന്നു. എസ്എംവൈഎം ജർമനിയുടെ 5 റീജിയണിൽ നിന്നുള്ള പ്രവർത്തനങ്ങൾ മറ്റുള്ള യുവജനങ്ങളുമായി പങ്കുവെച്ചു.

ഞായാറാഴ്ച യുവജനങ്ങൾ റീജിയൺ തിരിഞ്ഞു ഭാവി പരിപാടികളെക്കുറിച്ചു ചർച്ച നടത്തുകയും ചെയ്തു. അന്നേ ദിവസം നടത്തപ്പെട്ട ആരാധനയിൽ വൈദീകർക്കുവേണ്ടിയും സന്യസ്തർക്കുവേണ്ടിയും പ്രേത്യേക പ്രാർത്ഥനകൾ നടത്തി.

യൂറോപ്യൻ ജനതയെത്തന്നെ വിശ്വാസത്തിലേക്ക് നയിക്കാൻ കഴിയുന്ന വിധത്തിലാണ് ജർമനിയിലെ യുവജനങ്ങളുടെ പ്രവർത്തനങ്ങൾ. നാളെ ജർമനിയുടെ വിവിധ ഇടങ്ങളിൽ വിശ്വാസത്തിൻറെ കൊടുങ്കാറ്റായി വീശാൻ ഇതൊരു തുടക്കം ആകും. വളരെ സന്തോഷത്തോടെ ആണ് പങ്കെടുത്ത എല്ലാവരും മടങ്ങിയത്.

Advertisment