ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ജര്‍മ്മനി ഇടപെടണം: എര്‍ദോഗന്‍

New Update
Gj

അങ്കാര: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ജര്‍മ്മനിയോട് ആവശ്യപ്പെട്ടു. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സുമായി അങ്കാറയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് എര്‍ദോഗന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

ഇസ്രായേല്‍ ആണവമുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഗാസയെ ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. വെടിനിര്‍ത്തല്‍ നിലവിലുണ്ടായിട്ടും ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുന്നതിനെ എര്‍ദോഗന്‍ അപലപിച്ചു.

"വംശഹത്യയും ബോധപൂര്‍വമായ പട്ടിണി കിടത്തലും അവസാനിപ്പിക്കാന്‍ ജര്‍മ്മനിയുടെ റെഡ് ക്രോസിനെയും നമ്മുടെ തുര്‍ക്കി റെഡ് ക്രസന്റിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് നമ്മള്‍ പ്രവര്‍ത്തിക്കണം," എര്‍ദോഗന്‍ പറഞ്ഞു. ഗാസയിലെ കൂട്ടക്കൊലകളും ക്ഷാമവും അവസാനിപ്പിക്കേണ്ടത് തുര്‍ക്കിയുടെയും ജര്‍മ്മനിയുടെയും മറ്റ് രാജ്യങ്ങളുടെയും മനുഷ്യത്വപരമായ കടമയാണോ എന്നും അദ്ദേഹം ചോദിച്ചു.

റഷ്യ~യുക്രെയ്ന്‍ യുദ്ധം അവസാനിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ തന്നെ ഗാസയിലെ ഇസ്രായേല്‍ യുദ്ധം അവസാനിക്കുന്നതിനെയും തുര്‍ക്കി പിന്തുണയ്ക്കുന്നു. ഇത് നേടുന്നതിനായി തുര്‍ക്കിക്കും ജര്‍മ്മനിക്കും കൈകോര്‍ക്കാന്‍ കഴിയുന്ന രണ്ട് പ്രധാന രാജ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തല്‍ നിലവിലിരിക്കെ ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ 104 പേര്‍ കൊല്ലപ്പെട്ടതായും, കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു എന്നും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment