/sathyam/media/media_files/2024/10/24/DXzhrbwvGLkw5oWBxpyr.jpg)
മാനമ: ആറ് പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനം സമഗ്രമായി ചർച്ച ചെയ്യപ്പെടണമെന്നും എസ്. വൈ. എസ് പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് "ദേശാന്തരങ്ങളിലിരുന്നു ദേശം പണിയുന്നവർ" എന്ന പ്രമേയത്തിൽ ആയിരം ഇടങ്ങളിൽ നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ ഇത്തരത്തിലുള്ള ചർച്ചകൾക്ക് വേദി തുറക്കുകയാണെന്നും ഐ സി എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2024 നവംബർ 7, 8, 9, 10 തീയ്യതികളിലാണ് സമ്മേളനങ്ങൾ നടക്കുക.
കുടിയേറ്റം സാമ്പത്തിക രംഗങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നിരന്തരം പരാമർശിക്കപ്പെടാറുണ്ട്. അതേസമയം സാമൂഹ്യ മേഖലകളിൽ പ്രവാസം ഏതൊക്കെ രീതിയിൽ പ്രതിഫലിക്കപ്പെട്ടുവെന്ന കാര്യം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്.
രണ്ടു കോടിയോളം ഇന്ത്യൻ പൗരന്മാർ ജോലി തേടി 181 വിദേശ രാജ്യങ്ങളിൽ കുടിയേറി ജീവിക്കുന്നുവെന്നാണ് കണക്ക്. 2023 ലെ കേരള മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം 21.54 ലക്ഷം മലയാളികൾ പ്രവാസികളാണ്. 2018 ൽ 85,092 കോടി രൂപയാണ് പ്രവാസി പണമായി കേരളത്തിലെത്തിയതെങ്കിൽ 2023 ൽ അത് 2.16 ലക്ഷം കോടിയായി ഉയർന്നു. ലോകബാങ്കിന്റെ കണക്ക് പ്രകാരം 2023 ൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ 10.38 ലക്ഷം കോടി രൂപയാണ്. സാമ്പത്തികമായി വലിയ സംഭാവന നൽകുന്ന പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നൽകുന്നുവെന്നത് പഠനവിധേയമാക്കേണ്ടതുണ്ട്.
ഗൾഫ് പ്രവാസത്തിലൂടെ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചിട്ടും, അതേക്കുറിച്ചുള്ള ആവിഷ്കാരങ്ങളിൽ ആ തോതിലുള്ള പങ്കുവെക്കലുകൾ ഉണ്ടായിട്ടുണ്ടോ എന്നും ഗൗരവപൂർവ്വം ആലോചിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഈയിടെ വന്ന ഒരു സിനിമയിൽ ഒറ്റപ്പെട്ട ഏതോ സംഭവങ്ങളെ സാമാന്യവൽകരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയുണ്ടായി.
കഥാവിഷ്‌കാരം എന്ന നിലയിൽ മാത്രം അത്തരം ശ്രമങ്ങളെ കണ്ടുകൂട. പ്രവാസ ലോകത്തിന്റെ വൈവിധ്യമാർന്ന വിഷയങ്ങൾ സമൂഹത്തിനും ഭരണകൂടത്തിനും മുന്നിൽ കൊണ്ടുവരാനാണ് ഈ പ്രമേയത്തിലൂടെ ശ്രമിക്കുന്നത് എന്നും ഭാരവാഹികൾ പറഞ്ഞു.
അതോടൊപ്പം വരണ്ടുപരന്നു കിടന്ന മരുഭൂമിയിൽ ഇന്നു കാണുന്ന വികസന മുന്നേറ്റത്തിൽ പ്രവാസികളുടെ വലിയ സംഭാവനകളെയും ഉയർത്തിക്കാട്ടും. പുറപ്പെട്ടു വന്ന ദേശവും പുറപ്പെട്ടെത്തിയ ദേശവും ഒരു പോലെ നിർമിച്ച സമൂഹമെന്ന നിലയിൽ പ്രവാസികൾ അടയാളപ്പെടുത്തപ്പെടണമെന്ന ആശയമാണ് പ്രമേയം മുന്നോട്ട് വെക്കുന്നത്.
യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി നിരവധി സംരംഭങ്ങൾക്കും തുടക്കമിടുന്നുണ്ട്. ആരായിരിക്കും ആദ്യത്തെ ഗൾഫ് പ്രവാസി മലയാളി എന്ന കൗതുകകരമായ അന്വേഷണം അതിലൊന്നാണ്. 1950 കളിൽ പ്രവാസം നടത്തിയവരെക്കുറിച്ചുള്ള ഈ അന്വേഷണം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നിരവധി പ്രതികരണങ്ങൾ ഇതിന് ലഭിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി കേരള പിറവി ദിനമായ നവംബർ 1 നു വെള്ളിയാഴ്ച എല്ലാ യൂണിറ്റുകളും ഒരു സാന്ത്വന സേവന പ്രവർത്തനം ഏറ്റെടുത്തു നടത്തും. 'സ്പർശം' എന്ന പേരിലുള്ള പദ്ധതിയിൽ രാജ്യത്തെ നിയമ സംവിധാനങ്ങൾക്കകത്ത് നിന്ന് കൊണ്ടുള്ള വൈവിധ്യമാർന്ന സേവന പ്രവർത്തനങ്ങൾ ആണ് നടത്തുക.
സമ്മേളനത്തിന്റെ സ്മാരകമായി 'രിഫായി കെയർ' എന്ന പേരിൽ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാൻ ആവശ്യമായ ബോധവൽക്കരണവും ചികിത്സക്കും പരിചരണത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തെരെഞ്ഞെടുത്ത ആയിരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതുമാണ് പദ്ധതി. മാസത്തിൽ 2,500 ഇന്ത്യൻ രൂപ വീതം ഒരു വർഷം 30,000 രൂപ നൽകുന്ന ഈ പദ്ധതിയിൽ ഐ സി എഫ് ഘടകങ്ങൾ മൂന്ന് കോടി രൂപ വിനിയോഗിക്കും.
ബഹ്‌റൈൻ ഐ സി എഫിന്റെ 45 ആം വാർഷികത്തിന്റെ ഭാഗമായി പ്രവാസത്തിൽ നാലു പതിറ്റാണ്ട് പൂർത്തിയാക്കിയ 45 പേരെ യൂണിറ്റ് സമ്മേളന വേദികളിൽ ആദരിക്കും. ഐ സി എഫ് സമൂഹത്തിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിക്കുന്ന കൊളാഷ് പ്രദർശനവും ഉണ്ടാകും. ഏറ്റവും നല്ല സംഘാടനം നടത്തിയ യൂണിറ്റിനും ഏറ്റവും ആകർഷകമായ സാന്ത്വന പ്രവർത്തനം നടത്തിയ യൂണിറ്റിനും ജനസമ്പർക്കപരിപാടിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന യൂണിറ്റിനും മെരിറ്റ് അവാർഡ് നൽകും.
സംഘടനയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി വായനയുടെ പത്താം വർഷത്തെ കാമ്പയിനും ഇതിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ എം. സി. അബ്ദുൽ കരീം, കെ പി മുസ്തഫ ഹാജി, റഫീഖ് ലത്തീഫി, ഷമീർ പന്നൂർ, സിയാദ് വളപട്ടണം, ശിഹാബുദ്ദീൻ സിദ്ധീഖി, ഷംസു പൂകയിൽ തുടങ്ങിയവർ പങ്കെടുത്തു.