ചൈനയുടെ നിയന്ത്രണം, ഇന്ത്യ നിരസിച്ച പഴയ വാഗ്ദാനം; ബലൂചിസ്ഥാനിലെ സംഘർഷങ്ങൾക്ക് പിന്നിലെ 'ഗ്വാദർ' രാഷ്ട്രീയം

ഒടുവില്‍ 1958-ല്‍ 30 ലക്ഷം പൗണ്ട് നല്‍കിയാണ് പാകിസ്താന്‍ ഒമാനില്‍ നിന്ന് ഗ്വാദര്‍ സ്വന്തമാക്കിയത്. അന്ന് പാകിസ്താന്‍ നാവികസേന അവിടെ പതാക ഉയര്‍ത്തി.

New Update
Untitled

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി നടത്തുന്ന ആക്രമണങ്ങളും പാക് സൈന്യത്തിന്റെ പ്രത്യാക്രമണങ്ങളും മേഖലയെ വീണ്ടും യുദ്ധക്കളമാക്കിയിരിക്കുകയാണ്.

Advertisment

വികസനത്തിന്റെ പേരില്‍ തങ്ങളുടെ ഭൂമി ചൈനയ്ക്ക് അടിയറവ് വെക്കുന്നു എന്ന ബലൂചിസ്ഥാന്‍ ജനതയുടെ പ്രതിഷേധമാണ് നിലവിലെ സംഘര്‍ഷങ്ങളുടെ പ്രധാന കാരണം. ഇതിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത് തന്ത്രപ്രധാനമായ ഗ്വാദര്‍ തുറമുഖമാണ്.


ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഗ്വാദര്‍ തുറമുഖം 40 വര്‍ഷത്തെ കരാറിലാണ് ചൈനീസ് കമ്പനിക്ക് പാകിസ്താന്‍ നല്‍കിയിരിക്കുന്നത്. തുറമുഖ വരുമാനത്തിന്റെ 91 ശതമാനവും ചൈനയ്ക്കാണ് ലഭിക്കുന്നത്; പാകിസ്താന് വെറും 9 ശതമാനം മാത്രം. ഇതാണ് പ്രാദേശിക ജനതയെ ചൊടിപ്പിക്കുന്നത്.

1783 മുതല്‍ ഏകദേശം 200 വര്‍ഷത്തോളം ഗ്വാദര്‍ ഒമാന്‍ സുല്‍ത്താനേറ്റിന്റെ കൈവശമായിരുന്നു. 1948-ല്‍ ബലൂചിസ്ഥാന്‍ പാകിസ്താന്റെ ഭാഗമായപ്പോഴും ഗ്വാദര്‍ ഒമാന്റെ ഭരണത്തിന് കീഴിലായിരുന്നു.


1956-ല്‍ ഒമാന്‍ സുല്‍ത്താന്‍ ഗ്വാദര്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ അറിയിച്ചിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. എന്നാല്‍ ഇന്ത്യ ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇന്ത്യ അത് സ്വീകരിച്ചിരുന്നെങ്കില്‍ ദക്ഷിണേഷ്യയുടെ ഭൂപടം തന്നെ മറ്റൊന്നായേനെ.


ഒടുവില്‍ 1958-ല്‍ 30 ലക്ഷം പൗണ്ട് നല്‍കിയാണ് പാകിസ്താന്‍ ഒമാനില്‍ നിന്ന് ഗ്വാദര്‍ സ്വന്തമാക്കിയത്. അന്ന് പാകിസ്താന്‍ നാവികസേന അവിടെ പതാക ഉയര്‍ത്തി.

തങ്ങളുടെ വിഭവങ്ങള്‍ വിദേശികള്‍ കൊള്ളയടിക്കുന്നു എന്നാരോപിച്ച് ബലൂചിസ്ഥാന്‍ വിമതര്‍ ചൈനീസ് നിര്‍മ്മിത കെട്ടിടങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം കടുപ്പിക്കുകയാണ്.

എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് ഗ്വാദര്‍ എന്നുള്ളത് ഇതിന്റെ തന്ത്രപ്രധാന മൂല്യം വര്‍ധിപ്പിക്കുന്നു. ചൈനയെ സംബന്ധിച്ചിടത്തോളം അറബിക്കടലിലേക്കുള്ള നേരിട്ടുള്ള പ്രവേശന കവാടമാണിത്.

Advertisment