എച്ച്-1ബി ഉൾപ്പെടെയുള്ള വിസകളുടെ ഫീസ് വർധനവ് മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ

നിലവിൽ പ്രതിവർഷം 65,000 എച്ച്-1ബി വിസകളും ഉന്നത ബിരുദധാരികൾക്കായി 20,000 വിസകളുമാണ് അമേരിക്ക അനുവദിക്കുന്നത്.

New Update
Untitled

വാഷിംഗ്ടൺ: അമേരിക്കൻ കുടിയേറ്റം ലക്ഷ്യമിടുന്നവർക്കും അവിടെ ജോലി ചെയ്യുന്നവർക്കും തിരിച്ചടിയായി വിസ നിരക്കുകൾ വർദ്ധിപ്പിക്കാൻ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് തീരുമാനിച്ചു.

Advertisment

എച്ച്-1ബി  ഉൾപ്പെടെയുള്ള വിവിധ വർക്ക് വിസകളുടെ പ്രീമിയം പ്രോസസിംഗ് ഫീസിലാണ് 2026 മാർച്ച് ഒന്ന് മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.


ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, വിദേശ തൊഴിലാളികളെ നിയമിക്കുന്ന തൊഴുലുടമകൾ എന്നിവരെ ഈ തീരുമാനം നേരിട്ട് ബാധിക്കും.

 എച്ച്-1ബി , എൽ-1 , ഒ-1 , ഇൻവെസ്റ്റർ വിസകൾ, എംപ്ലോയ്മെന്റ് അധിഷ്ഠിത ഗ്രീൻ കാർഡുകൾ, വർക്ക് പെർമിറ്റ് അപേക്ഷകൾ എന്നിവയുടെ പ്രീമിയം പ്രോസസിംഗിനാണ് ഫീസ് വർദ്ധിപ്പിക്കുന്നത്.

2023 ജൂണിനും 2025 ജൂണിനും ഇടയിലുണ്ടായ പണപ്പെരുപ്പം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് യുഎസ് സിഐഎസ് അറിയിച്ചു.

അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും, നിലവിലുള്ള അപേക്ഷകളുടെ ബാഹുല്യം കുറയ്ക്കാനും, സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് അധിക വരുമാനം ഉപയോഗിക്കുകയെന്ന് ഏജൻസി വ്യക്തമാക്കി.

പുതിയ  നിരക്കുകൾ ഇങ്ങനെ

എച്ച്-2ബി അല്ലെങ്കിൽ ആർ-1 വിസകൾ: 1,685 ഡോളറിൽ നിന്ന് 1,780 ഡോളറായി ഉയരും. എച്ച്-1ബി, എൽ-1, ഒ-1, പി-1, ടി-എൻ  വിസകളുടെ ഫീസ് 2,805 ഡോളറിൽ നിന്ന് 2,965 ഡോളറായി വർദ്ധിക്കും. ഐ-140 ഇമിഗ്രന്റ് പെറ്റീഷനുകൾക്ക് 2,805 ഡോളറിൽ നിന്ന് 2,965 ഡോളറായി ഉയരും.

സ്റ്റാറ്റസ് എക്സ്റ്റൻഷൻ വിസകൾക്ക് 1,965 ഡോളറിൽ നിന്ന് 2,075 ഡോളറായി വർദ്ധിക്കും.

വർക്ക് പെർമിറ്റ് ഉൾപ്പെടെയുള്ളവയ്ക്ക് 1,685 ഡോളറിൽ നിന്ന് 1,780 ഡോളറായി ഉയരും.

മാർച്ച് ഒന്നിന് മുമ്പ് അപേക്ഷിക്കുന്നവർക്ക് നിലവിലുള്ള നിരക്കിൽ ഫീസ് അടയ്ക്കാവുന്നതാണ്. അതിനുശേഷം അപേക്ഷിക്കുന്നവർ പുതുക്കിയ നിരക്ക് നൽകേണ്ടി വരും.

ഫീസ് വർദ്ധനവിന് പുറമെ, എച്ച്-1ബി വിസ അനുവദിക്കുന്നതിനുള്ള നിലവിലെ നറുക്കെടുപ്പ് രീതിയിലും മാറ്റം വരുന്നുണ്ട്. 

ഉയർന്ന ശമ്പളവും മികച്ച വൈദഗ്ധ്യവുമുള്ള തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന പുതിയ സംവിധാനം ഫെബ്രുവരി 27 മുതൽ നിലവിൽ വരും. 

അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഈ മാറ്റമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ പ്രതിവർഷം 65,000 എച്ച്-1ബി വിസകളും ഉന്നത ബിരുദധാരികൾക്കായി 20,000 വിസകളുമാണ് അമേരിക്ക അനുവദിക്കുന്നത്. 

ഇതിൽ വലിയൊരു ശതമാനം വിസകളും ഇന്ത്യക്കാരാണ് സ്വന്തമാക്കാറുള്ളത് എന്നതിനാൽ പുതിയ നിരക്ക് വർദ്ധനവ് ഇന്ത്യൻ ഐടി മേഖലയ്ക്കും ഉദ്യോഗാർത്ഥികൾക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

Advertisment