/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് H-1B വിസ നിയമം കടുപ്പിക്കുകയും എച്ച് 1 ബി വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തുകയും ചെയ്തതോടെ അമേരിക്കയിലെ ഇന്ത്യൻ പൗരൻമാർ കടുത്ത ആശങ്കയിലാണ്.
ട്രംപിന്റെ കർശന നിയമം വന്നതോടെ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ ഞായറാഴ്ച കുതിച്ചുയർന്നു. പിഴ ഒഴിവാക്കാൻ പലരും ബുക്കിംഗുകൾ വേഗത്തിലാക്കിയിരുന്നു.
ഏകദേശം 40,000 രൂപയിൽ നിന്ന് 80,000 രൂപയായാണ് അമേരിക്കയിലേയ്ക്കുള്ള ടിക്കറ്റ് നിരക്കുകൾ വർദ്ധിച്ചത്. പലരും നേരത്തെ തന്നെ സീറ്റുകൾ റിസർവ് ചെയ്തതോടെ പലർക്കും വിചാരിച്ച സമയത്ത് ടിക്കറ്റുകൾ കിട്ടാതെ വരികയും ചെയ്തു. ഇത് വിമാന നിരക്കുകൾ കുതിച്ചുയരാൻ കാരണമായി. എച്ച്-1ബി വിസ ഉടമകളിൽ ഏറ്റവും വലിയ വിഭാഗമാണ് ഇന്ത്യക്കാർ.
ഫീസ് സമ്പ്രദായം പരിഷ്കരിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് യുഎസ്-ഇന്ത്യ വിമാന നിരക്കുകൾ കുത്തനെ ഉയർന്നത്.
ട്രംപിന്റെ പ്രസ്താവനയ്ക്ക് രണ്ട് മണിക്കൂറിനുള്ളിൽ, ന്യൂഡൽഹിയിൽ നിന്ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വൺവേ ടിക്കറ്റിന്റെ വില ഏകദേശം 420 ഡോളറിൽ (37,000 രൂപ) നിന്ന് 794 ഡോളറിനും 908 ഡോളറിനും ഇടയിൽ (70,000–80,000 രൂപ) ഉയർന്നു.