ലണ്ടന്‍: നിരോധിത ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്ന് ഹമാസിനെ നീക്കം ചെയ്യണമെന്ന ആവശ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിയതായി ബ്രിട്ടന്റെ ആഭ്യന്തര കാര്യാലയ വക്താവ് സ്ഥിരീകരിച്ചു. ഹമാസ് ഇപ്പോഴും ബ്രിട്ടന്റെ നിരോധിത സംഘടനകളുടെ പട്ടികയില്‍ തുടരുന്നു എന്നാണ് യുകെയുടെ ഔദ്യോഗിക നിലപാട്.
'നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടിക സര്‍ക്കാര്‍ പതിവായി അവലോകനം ചെയ്യുന്നുണ്ട്. എന്നാല്‍ ഹമാസ് ഇപ്പോഴും നിരോധിത പട്ടികയില്‍ തുടരുന്നുവെന്ന് ബ്രിട്ടീഷ് ആഭ്യന്തര കാര്യാലയ വക്താവ് വ്യക്തമാക്കി.
2021-ല്‍, മുന്‍ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഹമാസിനെ പൂര്‍ണമായും നിരോധിക്കാനുള്ള തീരുമാനം എടുത്തിരുന്നു. ഇതിനെതിരെ ഹമാസിന്റെ വിദേശകാര്യ ഓഫീസ് മേധാവി മൂസ അബു മര്‍സൂഖ് ഈ വര്‍ഷം അഭിഭാഷകര്‍ മുഖേന അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.
മുമ്പ്, ഖസ്സാം ബ്രിഗേഡ്സ് എന്ന സൈനിക വിഭാഗം മാത്രം നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും, രാഷ്ട്രീയ-സൈനിക വിഭാഗങ്ങള്‍ക്കിടയില്‍ വ്യത്യാസമില്ലെന്ന് വാദിച്ചുകൊണ്ട് ഹമാസ് മുഴുവനായും നിരോധിക്കുകയായിരുന്നു.
അഭിഭാഷകര്‍ സമര്‍പ്പിച്ച 106 പേജുള്ള അപേക്ഷയില്‍, 2021ലെ നിരോധന തീരുമാനം സ്റ്റേറ്റ് സെക്രട്ടറിയുടെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കനുസൃതമായിരുന്നു എന്ന വാദം ഉന്നയിച്ചു.
ഹമാസ് നിരോധനം, സംഘടനയുടെ രാഷ്ട്രീയ പരിഹാര ശ്രമങ്ങള്‍ക്കും ഗസയിലെ സാധാരണ ഫലസ്തീനികള്‍ക്കും തടസ്സം സൃഷ്ടിക്കുന്നുവെന്നും ഹമാസ് ആരോപിച്ചു.