ഗാസ: ഗാസയില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഭക്ഷണം കിട്ടാതെയും പോഷകാഹാര കുറവു മൂലവും 33പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നും ഹമാസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
2023 ഒക്ടോബറില്‍ ഇസ്രായേല്‍-ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം പോഷകാഹാരക്കുറവ് മൂലം 101പേര്‍ കൊല്ലപ്പെട്ടെന്നും ഹമാസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇതില്‍ 80 പേര്‍ കുട്ടികളാണ്.
ഗാസയില്‍ ഇസ്രായേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതോടെ സ്ഥിതി ഭീകരമാണെന്ന് യുഎന്നിന്റെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ) മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു.
ഗാസയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പോലും ഭക്ഷണം ലഭിക്കുന്നില്ല. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പത്രപ്രവര്‍ത്തകര്‍, മാനുഷിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പ്രതിസന്ധിയിലാണെന്നും അവര്‍ പറഞ്ഞു.