ഹമാസിന്റെ രാഷ്രീയ മേധാവിയും ഗാസയിലെ മുൻ പ്രധാനമന്ത്രിയുമായ ഇസ്മയിൽ ഹനിയെ ടെഹ്റാനിൽ വധിക്കപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചു. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെഷെസ്കിയാന്റെ സത്യപ്രതിജ്ഞയ്ക്കു എത്തിയ അദ്ദേഹത്തിന്റെ ടെഹ്റാനിലെ വസതിയിൽ നടന്ന ആക്രമണത്തിൽ അംഗരക്ഷകനും കൊല്ലപ്പെട്ടു.
ഇസ്രയേൽ ആണ് കൊലയ്ക്കു പിന്നിലെന്നു ഹമാസ് ആരോപിച്ചപ്പോൾ ഇസ്രയേലിൽ നിന്ന് അവകാശവാദങ്ങൾ ഒന്നുമുണ്ടായിയില്ല. എന്നാൽ കഴിഞ്ഞ ഒക്ടോബർ 7നു ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്തിയപ്പോൾ ആഘോഷിച്ച ഹനിയെ ഇപ്പോൾ ആഘോഷത്തിനു ജീവിച്ചിരിപ്പില്ലെന്നു ഇസ്രയേലി മാധ്യമങ്ങൾ പറഞ്ഞു.
ഹനിയേയുടെ രക്തത്തിനു ഇസ്രയേൽ കനത്ത വില നൽകേണ്ടി വരുമെന്നു ഇറാൻ വിദേശകാര്യ വകുപ്പ് താക്കീതു നൽകി. ഇറാന്റെ നിതാന്ത സുഹൃത് ആയിരുന്ന ഹനിയേയുടെ മരണത്തിൽ പ്രസിഡന്റ് പെഷെസ്കിയാൻ അഗാധ ദുഃഖം രേഖപ്പെടുത്തി. "ഇന്നലെ വിജയാഘോഷത്തിൽ അദ്ദേഹത്തിന്റെ കൈപിടിച്ച ഞാൻ ഇന്ന് അദ്ദേഹത്തെ സംസ്കരിക്കാൻ ചുമലിൽ എറ്റേണ്ടി വന്നു."ദൈവത്തിന്റെ മക്കളുടെ കലയാണ് രക്തസാക്ഷിത്വം. ഇറാനും പലസ്തീനുമായുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാകും."
ഈ മരണം കൊണ്ട് പലസ്തീൻ ജനതയുടെ നിശ്ചയദാർഢ്യം വർധിക്കുക മാത്രമേ ചെയ്യൂ എന്ന് ഹനിയേയുടെ പുത്രൻ അബ്ദുൽ സലാം ഹനിയേ പറഞ്ഞു.ഹനിയേയുടെ നിരവധി കുടുംബാംഗങ്ങളെ ഇസ്രയേൽ ഗാസ യുദ്ധത്തിനിടെ വധിച്ചിട്ടുണ്ട്. ജൂണിൽ ഗാസയിലെ ഷാറ്റി അഭയാർഥി ക്യാമ്പിൽ നടന്ന ആക്രമണത്തിൽ 10 കുടുംബാംഗങ്ങൾ മരിച്ചു. അതേ സ്ഥലത്തു വച്ച് പുത്രന്മാരായ ഹസീം, ആമിർ, മുഹമ്മദ് എന്നിവർ കാറിൽ പോകുമ്പോൾ ഇസ്രയേലി സേന ബോംബിട്ടു കൊന്നു. അതേ ആക്രമണത്തിൽ ഹനിയേയുടെ നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടു.
ഹനിയെയെ വധിച്ചതിനെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രയേലിനു കൂടുതൽ ശക്തമായ തിരിച്ചടി നൽകുമെന്നു ഹിസ്‌ബൊള്ള താക്കീതു നൽകി. ഈ സംഭവം മേഖലയിൽ കൂടുതൽ അസ്ഥിരത സൃഷ്ഠിക്കുമെന്നു ചൈന ആശങ്ക പ്രകടിപ്പിച്ചു.
യഹൂദന്മാർക്കു ലോകത്തു ഒരിടത്തും സുരക്ഷ ലഭിക്കാത്ത അവസ്ഥയാണ് ഇത്തരം അതിക്രമങ്ങൾ മൂലം ഉണ്ടാവുന്നതെന്നു ടെൽ അവീവിൽ ജീവിക്കുന്ന നിരീക്ഷകൻ ആക്കിവ എൽഡർ ആശങ്ക പ്രകടിപ്പിച്ചു. കടന്നൽ കൂട്ടിൽ കൈയ്യിട്ട പോലെയായി എന്ന് അദ്ദേഹം താക്കീതു നൽകി.